മുംബൈയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതായി പൊലീസ് റിപ്പോർട്ട്

news image
Jan 25, 2024, 1:54 pm GMT+0000 payyolionline.in

മുംബൈ: മുംബൈയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതായി പൊലീസ് റിപ്പോർട്ട്. സൈബർ കുറ്റകൃത്യങ്ങളായ ഡാറ്റ ചോർത്തൽ, എം.ഐ.എം ആക്രമണങ്ങൾ, വ്യാജ സമൂഹ മാധ്യമ പ്രൊഫൈലുകൾ, മോർഫിങ് ഇ മെയിലുകൾ, എസ്.എം.എസ്- തൊഴിൽ തട്ടിപ്പുകൾ, പ്രൊവിഡന്‍റ് ഫണ്ട് തട്ടിപ്പുകൾ, വ്യാജ വെബ്സൈറ്റുകൾ, ക്രിപ്റ്റോ കറൻസി തട്ടിപ്പുകൾ, നിക്ഷേപ തട്ടിപ്പുകൾ എന്നിവ കഴിഞ്ഞ വർഷം ഗണ്യമായി വർധിച്ചു.

2022 ലെ 4723 സൈബർ കേസുകളുടെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ വർഷം 4169 സൈബർ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സൈബർ കേസുകളുമായി ബന്ധപ്പെട്ട വഞ്ചന കേസുകളിലും വർധനവാണുള്ളത്. 2022ൽ 2175 വഞ്ചനാ കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2023 ആയതോടെ 2212 കേസുകളായി വർധിക്കുകയാണുണ്ടായത്. രജിസ്റ്റർ ചെയ്യപ്പെട്ട 4169 കേസുകളിൽ 938 എണ്ണം കണ്ടെത്തുകയും, 1090 പേരെ അറസ്റ്റ് ചെയ്തതുമായി കണക്കുകൾ പറയുന്നു.

സൈബർകുറ്റകൃത്യങ്ങളിൽ ഏറ്റവുമധികം വഞ്ചനാ കേസുകൾ (428) രജിസ്റ്റർ ചെയ്തത് തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്. 134 ഓൺലൈൻ വില്പന തട്ടിപ്പുകൾ, 105 വ്യാജ വെബ്സൈറ്റ് തട്ടിപ്പുകൾ, 80 നിക്ഷേപ തട്ടിപ്പുകൾ, 63 ലോൺ തട്ടിപ്പുകൾ, 49 ക്രിപ്റ്റോ കറൻസി തട്ടിപ്പുകൾ, 21 ഇൻഷുറൻസ്/പ്രൊവിഡന്‍റ് ഫണ്ട് തട്ടിപ്പുകൾ, 13 വിവാഹ തട്ടിപ്പുകൾ എന്നിങ്ങനെ നിരവധി തട്ടിപ്പുകളാണ് മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2022 നെ അപേക്ഷിച്ച് 2023ൽ ഫിഷിങ്/എം.ഐ.എം ആക്രമണങ്ങൾ/ ഈ മെയിൽ തട്ടിപ്പ് കേസുകൾ 38ൽ നിന്ന് 59 ആയി വർധിച്ചു. വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈൽ/മോർഫിങ് ഇമെയിൽ/ എസ്.എം.എസ് തട്ടിപ്പ് കേസുകൾ 141ൽ നിന്ന് 183 ആയി വർധിച്ചു.

ജോലി തട്ടിപ്പ് 106 ൽ നിന്ന് 428 ആയും ഇൻഷുറൻസ്/പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് 18ൽ നിന്ന് 20 ആയും വ്യാജ വെബ്‌സൈറ്റ് 49ൽ നിന്ന് 105 ആയും നിക്ഷേപ തട്ടിപ്പ് 31ൽ നിന്ന് 80 കേസുകളായും വർധിച്ചു. ഡാറ്റ മോഷണം 17ൽ നിന്ന് 20 ആയും ക്രിപ്‌റ്റോ-കറൻസി തട്ടിപ്പ് 41ൽ നിന്ന് 49 ആയും വർധിച്ചു. എന്നാൽ, അശ്ലീല പ്രചാരണം, അശ്ലീല സന്ദേശങ്ങൾ, ഹാക്കിങ്, തുടങ്ങി ചില തട്ടിപ്പുകൾ കുറഞ്ഞതായും കണക്കുകളിൽ പറയുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe