മുക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ മണ്ണുമാന്തിയന്ത്രം കടത്തിയ സംഭവം: എസ് ഐ അറസ്റ്റിൽ

news image
Jan 23, 2024, 12:56 pm GMT+0000 payyolionline.in

മുക്കം > മുക്കം പൊലീസ് സ്റ്റേഷനിൽ  തൊണ്ടിമുതലായി സൂക്ഷിച്ച മണ്ണുമാന്തിയന്ത്രം കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ സഹായിച്ച എസ് ഐ നൗഷാദ് അറസ്റ്റിൽ. നിലവിൽ സസ്പെൻഷനിലായ നൗഷാദിനെ കൂടുതൽ തെളിവുകൾ ലഭിച്ചിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജില്ലാ സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യവിധിയുള്ളതിനാൽ നൗഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

 

 

കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ തൊട്ടുമുക്കം റോഡിലെ പുതിയനിടത്ത് കഴിഞ്ഞ സെപ്റ്റംബർ 19ന് വൈകിട്ട് മണ്ണുമാന്തി യന്ത്രം  ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചിരുന്നു. കേസിൽ തൊണ്ടിമുതലായി പൊലീസ് കസ്റ്റഡിയിലെടുത്ത് മുക്കം സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച മണ്ണുമാന്തി യന്ത്രമാണ് കഴിഞ്ഞ ഒക്ടോബർ 11ന് പ്രതികൾ കടത്തിക്കൊണ്ടു പോയത്. ഇൻഷുറൻസോ മറ്റു രേഖകളോ ഇല്ലാതിരുന്ന യന്ത്രം കടത്തി രേഖകളുള്ള മറ്റൊരു മണ്ണുമാന്തിയന്ത്രം സ്റ്റേഷൻ വളപ്പിൽ കൊണ്ടിടുകയായിരുന്നു. തൊണ്ടിമുതല്‍ കടത്തിക്കൊണ്ടുപോകാന്‍ പ്രതികളെ സഹായിച്ചുവെന്നാണ് എസ് ഐ നൗഷാദിനെതിരായ കുറ്റം. വാഹനം കടത്തി കൊണ്ടുപോകാൻ വന്ന കേസിലെ ഒന്നാം പ്രതി ബഷീറിൻ്റെ വാഹനത്തിൽ എസ് ഐ സഞ്ചരിക്കുന്നതിൻ്റെ സിസിടിവി ദൃശ്യമടക്കം തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. കേസിൽ ജെസിബി ഉടമയുടെ മകനടക്കം ആറ് പേരെ പിറ്റേന്നു തന്നെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് പ്രതികളെ സഹായിച്ച എസ്ഐയെ സസ്പെൻഡ് ചെയ്തു.

ഒളിവിൽ പോയ ഒന്നാം പ്രതി ബഷീറിനെ പിന്നീട് അറസ്റ്റ് ചെയ്തു. സസ്പെൻഡ് ചെയ്യുന്ന സമയത്ത് എസ് ഐ പ്രതിയായിരുന്നില്ലെന്നും പിന്നീട് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും  അന്വേഷണ ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പ്രമോദ് പറഞ്ഞു. മാവൂർ കുറ്റിക്കടവ് സ്വദേശിയാണ് അറസ്റ്റിലായ നൗഷാദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe