മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണമുന്നയിച്ച ഹര്‍ജി; ഐജി ലക്ഷ്മണിന് 10,000 രൂപ പിഴയിട്ട് ഹൈക്കോടതി

news image
Oct 3, 2023, 9:18 am GMT+0000 payyolionline.in

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഐജി ലക്ഷ്മണിന് 10,000 രൂപ കോടതി പിഴയിട്ടു. ഹര്‍ജി കോടയില്‍ സമര്‍പ്പിച്ച ശേഷം, തന്റെ അനുവാദമില്ലാതെ അഭിഭാഷകനാണ് വിവാദ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേർത്തതെന്ന് ആരോപിച്ച് ഹര്‍ജി പിന്‍വലിക്കാന്‍ നേരത്തെ ലക്ഷ്മണ്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനെതിരെ കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. അഭിഭാഷനെ പരിചാരി ഹര്‍ജിക്കാരന് രക്ഷപ്പെടാനാവില്ലെന്ന് കോടതി നിലപാടെടുത്തു. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. അഭിഭാഷകനെതിരെ ആരോപണം ഉന്നയിച്ച പരാതിക്കാരൻ, ബാർ കൗണ്‍സിലിൽ പരാതി നൽകിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് 10,000 രൂപ പിഴയിട്ടത്. ഒരു മാസത്തിനകം പിഴയടയ്ക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഹരജി പിൻവലിക്കാൻ കോടതി അനുമതി നൽകുകയും ചെയ്തു.

 

 

മുഖ്യമന്ത്രിയുടെ ഓഫീസിൽ, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ.ജി ലക്ഷ്മണന്‍ ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കം പോലും തീർപ്പാക്കുന്നുണ്ടെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം തന്റെ അറിവോടെ അല്ലെന്നും താന്‍ ചികിത്സയിലായിരുന്ന സമയത്ത് അഭിഭാഷകൻ സ്വന്തം നിലയ്ക്ക് കൂട്ടിച്ചേർത്തതാണെന്നുമായിരുന്നു ലക്ഷ്മണ്‍ പിന്നീട് പറഞ്ഞത്. ഈ അഭിഭാഷകനെ മാറ്റി പുതിയ അഭിഭാഷകൻ മുഖേന ആണ് ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്.

പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐജിയെ സെപ്റ്റംബര്‍ ആദ്യത്തില്‍ സര്‍ക്കാര്‍ വീണ്ടും സസ്‍പെൻഡ് ചെയ്‍തിരുന്നു. മോണ്‍സൻ മാവുങ്കലിന്റെ തട്ടിപ്പിൽ പങ്കാളിയായ അദ്ദേഹത്തെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്റെ യശ്ശസ്സിന് കളങ്കം വരുത്തിയ ലക്ഷ്മണിനെ സസ്‍പെന്‍ജഡ് ചെയ്യണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സസ്‍പെൻഡ് ചെയ്തത്. നേരത്തെ സസ്‍പെന്‍ഷനിലായിരുന്ന അദ്ദേഹം ഒരു വര്‍ഷത്തിന് ശേഷം സര്‍വീസില്‍ തിരികെ കയറിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിനിങ് ഐജിയായി നിയമനം ലഭിച്ച ശേഷമാണ് കേസ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe