മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റെയും അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിന് വീണ്ടും തിരിച്ചടി: കെ.സുരേന്ദ്രൻ

news image
Mar 13, 2024, 10:55 am GMT+0000 payyolionline.in

പത്തനംതിട്ട: മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റെയും അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരായ ഹർജിയിൽ ഹൈക്കോടതിയിലെ തിരിച്ചടി വഴി പിണറായിയും കുടുംബവും കൂടുതൽ പ്രതിസന്ധിയിലായിയെന്നും പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ നിന്ന് രക്ഷപെടാനുള്ള നീക്കത്തിനാണ് തിരിച്ചടി ഉണ്ടായത്. എന്തിനാണ് മാസപ്പടി വാങ്ങിയത് എന്ന കാര്യത്തില്‍ ഇനി എങ്കിലും മുഖ്യമന്ത്രി സത്യം തുറന്ന് പറയണം. ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് എൽ.ഡി.എഫ് സി.എ.എയുമായി ഇറങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയും ജീവൽ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിന് പകരം വർഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും പാർട്ടിയും ചെയ്യുന്നത്.

എന്നാൽ എൻ.ഡി.എ മോദി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ചർച്ചയാക്കും. കേന്ദ്രസർക്കാർ കേരളത്തിന് വേണ്ടി ചെയ്ത വികസന കാര്യങ്ങൾ ഉയർത്തിയാവും എൻ.ഡി.എയുടെ പ്രചരണം. ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാന്ദി കുറിക്കും. കോൺഗ്രസിൽ നിന്നും ഇടതുപക്ഷത്തുനിന്നും നിരവധി നേതാക്കൾ ഇതിന് മുന്നോടിയായി ബി.ജെ.പിയിൽ ചേരും. ഈ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി ദേശീയ ജനാധിപത്യ സഖ്യം മാറും.

എൻ.ഡി.എക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ എൽ.ഡി.എഫ്- യു.ഡി.എഫ് പരസ്യബന്ധവം നിലവിൽ വന്നു കഴിഞ്ഞു. നിലനിൽപ്പ് അപകടത്തിലായതോടെ ഇണ്ടി സഖ്യം കേരളത്തിലും യാഥാർഥ്യമാക്കാനാണ് പിണറായി വിജയനും വി.ഡി സതീശനും തീരുമാനമെടുത്തിരിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന ഉപാധ്യക്ഷൻ കെ. പദ്മകുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജില്ലാ പ്രസിഡൻ്റ് വി.എ സൂരജ്, ജില്ലാ സെക്രട്ടറി റോയി മാത്യു തുടങ്ങിയവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe