‘മുന്നണി മര്യാദകൾ പാലിക്കണം’: തരൂരിനെയും പ്രേമചന്ദ്രനെയും വിമർശിച്ച് സുരേഷ് ഗോപി

news image
Oct 4, 2023, 3:20 pm GMT+0000 payyolionline.in

തൃശൂർ: സഹകരണ മേഖലയുമായി ബന്ധപ്പെട്ട ഭേദഗതി വിഷയങ്ങളിൽ തടസം നിൽക്കുന്നതിന് എംപിമാരായ ശശി തരൂരിനെയും എൻ.കെ.പ്രേമചന്ദ്രനെയും വിമർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇവർക്കൊക്കെ പാർട്ടി അല്ലെങ്കിൽ മുന്നണി എന്ന വിചാരം മാത്രമേ ഉള്ളോയെന്ന് സുരേഷ് ഗോപി ചോദിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇരുവരെയും വിളിച്ചിരുന്നു. അതുകൊണ്ടാണ് പേരെടുത്തു പറയുന്നത്. മുന്നണി മര്യാദകൾ പാലിക്കണമെന്നാണ് ഇവർ പ്രതികരിച്ചതെന്നും മുന്നണിയെല്ലാം നിലനിൽക്കുന്നത് ഈ പാവപ്പെട്ടവന്റെ മണ്ണിലാണെന്ന ബോധ്യം വേണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

‘‘ഈ നിഷ്ഠൂരത നേരിടുന്ന വിഭാഗത്തിന്റെ ജാതിയും അവരുടെ തൊഴിലും നമ്മൾ പറയാൻ പാടില്ലാത്തതാണ്. പക്ഷേ, കുംഭാരി സമുദായത്തിൽപ്പെട്ട ആളുകളുടെ, ചെളിവച്ച് പണിയെടുക്കുന്ന ആളുകളുടെ വികാരം ഈ സോഷ്യലിസത്തിനു കാണാൻ കഴിയില്ലേ? എന്തൊരു ഗതികേടാണ്? ഈ വിഷയത്തിൽ ഹൈക്കോടതി ഒരു കരുത്തുള്ള നീക്കം നടത്തണം എന്നാണ് എനിക്കു തോന്നുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഞാൻ അപേക്ഷിക്കുകയാണ്. ഈ കദനം നിങ്ങൾ കാണണം. ഈ കദനം കുന്നുകൂടിക്കൊണ്ടിരിക്കുന്നതിനു കാരണക്കാരായ അധമൻമാരെ ഒന്നു കൈകാര്യം ചെയ്യണം.

കരുവന്നൂർ മാത്രമല്ല പ്രശ്നം. മാവേലിക്കര ബാങ്കിലൊക്കെ പൈസ ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയവരെ അവിടെ ജോലിക്കിരുത്തി. ഇവർക്കു പിന്നാലെ വന്ന നിക്ഷേപകരുടെ തെറിവിളിയും മുഷ്ടിപ്രയോഗവും അവിടെ ജോലി ചെയ്തുകിട്ടുന്ന ശമ്പളം കൊണ്ടെങ്കിലും ജീവിക്കാമെന്നു കരുതിയ അവർക്കുനേരെയായി. ആ ഉദ്യോഗസ്ഥരാണ് ഇക്കാര്യം എന്റെ അടുത്തുവന്ന് പറഞ്ഞത്. 27 പേരാണു വന്നത്.

എൽഐസി ഏജന്റുമാർ അവിടെയിട്ട പണവും പ്രശ്നത്തിലാണ്. അങ്ങനെയുള്ള ഒരു സംഭവം ഇന്നു രാവിലെ വന്നു കണ്ടു. തിരുവനന്തപുരത്ത് ബിഎസ്എൻഎലിലെ പെൻഷൻകാർ… എത്രയാ, ആറു കോടിയോ ഏഴു കോടിയോ ആണ്.

സഹകരണ സ്ഥാപനം എന്നു പറഞ്ഞ് എന്തെങ്കിലും ഭേദഗതി വന്നാൽ ഉടനെ ശശി തരൂരിനെയും എൻ.കെ.പ്രേമചന്ദ്രനെയും പോലുള്ള ആളുകൾ അതിനു തടസം നിൽക്കുക. പ്രസംഗം നിങ്ങൾ കേൾക്കൂ. പാർട്ടി അല്ലെങ്കിൽ മുന്നണി എന്ന വിചാരം മാത്രമേയുള്ളോ ഈ ആളുകൾക്ക്? പാവങ്ങളുടെയൊന്നും കണ്ണീർ അവർ കാണുന്നില്ലേ? ഞാൻ പേരെടുത്തു പറയാൻ കാരണം, ഈ രണ്ടു പേരെയും ഞാൻ വിളിച്ചതാണ്. അവർക്കു മുന്നണി മര്യാദകൾ പാലിക്കണം. ഈ മുന്നണിയൊക്കെ നിലനിൽക്കുന്നത് ഈ പാവപ്പെട്ടവന്റെ മണ്ണിലാണെന്ന നല്ല ബോധ്യം വേണം‌’’ – സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe