മുല്ലപ്പെരിയാർ : കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗം മാറ്റിവെച്ചു

news image
May 28, 2024, 3:58 am GMT+0000 payyolionline.in

ദില്ലി : മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുന്നതിൻ്റെ പരിസ്ഥിതി ആഘാത പഠനവുമായി  ബന്ധപ്പെട്ട കേന്ദ്ര യോഗം മാറ്റി. ഇന്ന് ദില്ലിയിൽ നടക്കാനിരുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണ് മാറ്റിയത്. പുതിയ ഡാം പണിയുന്നതിൻ്റെ പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ചായിരുന്നു യോഗം. പഠനത്തിന് കേരളത്തിനെ അനുവദിക്കരുതെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. യോഗം മാറ്റിയതിൻ്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.  

അതേ സമയം, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നടപടികൾക്കെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ രംഗത്തെത്തി. കേരള – തമിഴ്നാട് അതിർത്തിയിലെ കുമളിക്ക് സമീപം ലോവർ ക്യാമ്പിൽ കർഷകർ മാർച്ച് നടത്തി. പെരിയാർ വൈഗ ഇറിഗേഷൻ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.

മുല്ലപ്പരിയാ‍റിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ ഒരു മാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചിരുന്നു. പഴയ അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്താൻ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയും ചെയ്തു.

തമിഴ്നാടിന് ആവശ്യമായ വെള്ളം നൽകിക്കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനെതിരെയാണ് തമിഴ്നാട്ടിലെ ഒരു വിഭാഗം കർഷക സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ലോവർ ക്യാമ്പിൽ നിന്നും കേരളത്തിലേക്ക് മാർച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എത്താൽ മുല്ലപ്പെരിയാറിന്റെ ശില്പിയായ ജോൺ പെന്നി ക്വക്കിൻ്റെ സ്മാരകത്തിന് മുമ്പിൽ പോലീസ് മാർച്ച് തടഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe