മൂന്നാം വട്ടം അധികാരത്തിലേക്ക് മോദി: കരുത്തോടെ പ്രതിപക്ഷം

news image
Jun 9, 2024, 5:20 am GMT+0000 payyolionline.in

ദില്ലി: പ്രതിപക്ഷത്തെ എതിരാളികൾ കൂട്ടായി ഉയർത്തിയ വെല്ലുവിളി കഷ്ടിച്ച് മറികടന്നാണ് മൂന്നാം വട്ടം അധികാരമെന്ന റെക്കോഡ് നേട്ടം നരേന്ദ്രമോദി കൈവരിക്കുന്നത്. തിരിച്ചടിയേറ്റപ്പോഴും തന്റെ പാർട്ടിയെ കൂടുതൽ സ്ഥലങ്ങളിലേക്ക് പടർത്താൻ നരേന്ദ്ര മോദിക്കായി. അടിസ്ഥാന വർഗം പലയിടത്തും പ്രകടിപ്പിച്ച അതൃപ്തി മറികടന്ന് തന്റെ പ്രതിച്ഛായ പഴയ നിലയിലേക്ക് ഉയർത്തുക എന്ന വെല്ലുവിളിയാണ് നരേന്ദ്രമോദിയെ കാത്തിരിക്കുന്നത്.

ഗുജറാത്തിൽ നിന്ന് 2014 ൽ മോദി ദില്ലിയിലേക്ക് എത്തിയത് ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാക്കിയത് വലിയ മാറ്റമായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് ഒരു ദിവസത്തെ പോലും വിശ്രമമില്ലാത്ത നിരന്തര രാഷ്ട്രീയ നീക്കങ്ങളാണ് മോദിക്ക് മൂന്നാം ഊഴം സമ്മാനിച്ചിരിക്കുന്നത്. ഗുജറാത്തിനെ നയിക്കാൻ 2002ൽ പാർട്ടി ചുമതല നൽകുമ്പോൾ നരേന്ദ്ര മോദി ജനകീയ നേതാവായിരുന്നില്ല. ആർഎസ്എസിലൂടെ ബിജെപിയിലെത്തി സംഘടനാ കാര്യങ്ങളിൽ ഒതുങ്ങിയ നേതാവായിരുന്നു അദ്ദേഹം. 2002ലും ഗുജറാത്ത് കലാപത്തിനു ശേഷമുള്ള അന്തരീക്ഷം രാജ്യത്തെ സംഘപരിവാർ അണികളിലാകെ മോദിയുടെ സ്വീകാര്യത കൂട്ടി.

മാധ്യമങ്ങളിൽ നിന്നും എതിരാളികളിൽ നിന്നും നിരന്തരം എതിർപ്പ് നേരിടുമ്പോഴും ഗുജറാത്തിൽ ഹിന്ദു വോട്ടുകളിൽ ഏകീകരണം സാധ്യമാക്കി മോദി 12 കൊല്ലം മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. 2004 ലും 2009ലും തോൽവി എറ്റുവാങ്ങിയ ബിജെപിയിൽ നരേന്ദ്ര മോദിയെ നേതൃത്വത്തിലെത്തിക്കാനുള്ള മുറവിളി ഉയർന്നു. അദ്വാനി അടക്കമുള്ള നേതാക്കളെ മറികടന്നാണ് മോദിയെ ആർഎസ്എസ് നേതൃത്വം ഏൽപിച്ചത്. വാരാണസിയിൽ മത്സരിച്ച് ഹിന്ദി ഹൃദയഭൂമിയിലും അനക്കമുണ്ടാക്കിയ മോദി ഒറ്റയ്ക്ക് പാർട്ടിയെ അധികാരത്തിലെത്തിച്ചു. അയോധ്യയും മണ്ഡൽ വിരുദ്ധ പ്രക്ഷോഭവും ഉത്തരേന്ത്യയിലെ മുന്നോക്കക്കാർ ബിജെപിയുടെ പിന്നിൽ നില്ക്കാൻ സഹായിച്ചിരുന്നു. എന്നാൽ പാർട്ടിയോട് അകന്നു നിന്ന പിന്നാക്കക്കാരെ കൂടി ചേർത്തു നിർത്തിയാണ് മോദി പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടിക്കൊടുത്തത്.
ബിജെപിയിലും സർക്കാരിലും പിന്നെ എല്ലാം മോദിയിൽ കറങ്ങുകയായിരുന്നു. വലിയ തീരുമാനങ്ങളെടുക്കാൻ മോദി മടിച്ചില്ല. നോട്ടു നിരോധനം എന്ന വെല്ലുവിളി ഏറ്റെടുത്ത മോദി ഇതുയർത്തിയ പ്രതിസന്ധി മറികടന്നാണ് യുപിയിൽ പാർട്ടിക്ക് വിജയം സമ്മാനിച്ചത്. രണ്ട് സർജിക്കൽ സ്ട്രൈക്കിലൂടെ മോദി ദേശീയ വികാരം ഉയർത്തി. ജമ്മുകശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളഞ്ഞും അയോധ്യയിലെ ക്ഷേത്രത്തിൻറെ പ്രതിഷ്ഠ നടത്തിയും അടിസ്ഥാന വോട്ടു ബാങ്കിന് നൽകിയ വാഗ്ദാനം മോദി പാലിച്ചു. കൊവിഡ് കാലത്ത് സംസ്ഥാനങ്ങളെ കൂട്ടി യോജിപ്പിച്ച് ടീം ക്യാപ്റ്റനായി മാറാൻ മോദിക്കായി.

എന്നാൽ ലോക്ക്ഡൗണും രണ്ടാം കൊവിഡ് തരംഗകാലത്തെ മരണത്തിൻറെ കാഴ്ചകളും രാജ്യത്തുണ്ടാക്കിയത് കടുത്ത അതൃപ്തിയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കാത്ത വിഷയങ്ങളായി തുടരുന്നു. ജി20ക്ക് മോദി നൽകിയ നേതൃത്വവും വിദേശങ്ങളിൽ കിട്ടുന്ന അംഗീകാരവും ഇത്തവണത്തെ പ്രചാരണത്തിലും ആയുധമാക്കി. തെക്കേ ഇന്ത്യയിലും തൻറെ അംഗീകാരം കൂട്ടി തെക്ക് വടക്ക് വിഭജനത്തെക്കുറിച്ചുള്ള ചർച്ചകൾ മറികടക്കാൻ ഒരുപരിധിവരെ മോദിക്കായിരിക്കുന്നു. ഇത്തവണ നിറംമങ്ങിയാണ് മോദി മൂന്നാം വട്ടം അധികാരമേറുന്നത്. എന്നാൽ എല്ലാ അടവുകളും പയറ്റാൻ അറിയുന്ന നേതാവ് എന്ന നിലയ്ക്ക് അഞ്ച് വർഷം തുടരാനുള്ള പല നാടകീയ നീക്കങ്ങളും മോദിയിൽ നിന്നും പ്രതീക്ഷിക്കാം. രാജ്യത്തെ അടിസ്ഥാന വർഗം തന്നിൽ നിന്ന് അകലുന്നതും തന്റെ ബ്രാന്ഡിനേറ്റ തിരിച്ചടിയും മറികടക്കാനും പാർട്ടിയിലെ മേധാവിത്വം നിലനിർത്താനും മോദിക്ക് കഴിയുമോ എന്ന ചോദ്യം ബാക്കിയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe