മൂന്നാറിലെ കാട്ടാന ആക്രമണം; വനാതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയെന്ന് കലക്ടര്‍

news image
Feb 27, 2024, 9:47 am GMT+0000 payyolionline.in

ഇടുക്കി: മൂന്നാര്‍ കന്നിമലയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ കാട്ടാന ആക്രമണത്തില്‍ കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷന്‍ സ്വദേശി മണിയെന്ന സുരേഷ് കുമാര്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര ഉന്നതതല യോഗം വിളിച്ചതായി കലക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. ജില്ലയിലെ വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കും.

വനം, റവന്യു, പൊലീസ്, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ 10 ന് മൂന്നാറില്‍ അഡ്വ. എ രാജ എംഎല്‍എയുടെ നേതൃത്വത്തില്‍ സര്‍വക്ഷിയോഗം ചേര്‍ന്നതായും മരണമടഞ്ഞ സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തരസഹായമായി വനംവകുപ്പ് കൈമാറിയതായും കലക്ടര്‍ അറിയിച്ചു.

ആക്രമണകാരികളായ കാട്ടാനകളുടെ സഞ്ചാരം സംബന്ധിച്ച സന്ദേശം നല്‍കാനായി പ്രാദേശിക ഗ്രൂപ്പുണ്ടാക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചു. മരിച്ച സുരേഷ്‌കുമാറിന്റെ കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കാനും കുടുംബത്തിലാര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കാനും സര്‍വകക്ഷിയോഗം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും. പരിക്കേറ്റവരുടെ ചികില്‍സ ചെലവ് സര്‍ക്കാര്‍ വഹിക്കും.

ദേവികുളം സബ് കലക്ടറും തഹസില്‍ദാറും മൂന്നാര്‍ എ.സി.എഫും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ വന്യജീവി ആക്രമണം തടയുന്നതിന് ആര്‍.ആര്‍.ടി അടക്കമുള്ള എല്ലാവിധ സജ്ജീകരണങ്ങളും ശക്തിപ്പെടുത്തിയതായും ഭയപ്പെടേണ്ട യാതൊരു സാഹചര്യമില്ലെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe