തിരുവനന്തപുരം : ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍റെ ഭാര്യയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി. അമൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. അമലിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പേട്ട പൊലിസാണ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകളുടെ ഇടവേളയിൽ ആണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.
എന്നാൽ മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം മൂലവിളാകത്ത് വീട്ടമ്മ ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ഊര്‍ജ്ജിത അന്വേഷണം നടക്കുകയാണെന്നും അക്രമി സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞെന്നുമെല്ലാം അവകാശപ്പെടുന്നുണ്ടെങ്കിലും പ്രതിയിലേക്ക് എത്താനുള്ള ഒരു സൂചനയും പൊലീസിന്‍റെ കയ്യിലില്ല.
തലസ്ഥാന നഗര മധ്യത്തിൽ വഞ്ചിയൂരിൽ നിന്ന് മൂലവിളാകത്തേക്കുള്ള റോഡിലൂടെ നടന്ന് പോകുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യയോട് ബൈക്കിലെത്തിയ ആൾ മോശമായി സംസാരിച്ചത്. ഉടനെ പരാതിയായി. മണിക്കൂറ് മൂന്ന് തികയും മുൻപ് പ്രതിയേയും കിട്ടി. ഇതേ റോഡിൽ ഇക്കഴിഞ്ഞ മാര്‍ച്ച് 13 നാണ് വീട്ടമ്മ ആക്രമിക്കപ്പെട്ടത്. രാത്രി പത്തരക്ക് ശേഷം ടൂവീലറെടുത്ത് മരുന്ന് വാങ്ങാനിറങ്ങി മടങ്ങിയ സ്ത്രീയെ പിന്തുടര്‍ന്നായിരുന്നു ആക്രമണം.
വീട്ടിലേക്ക് തിരിയുന്ന വഴിയരികിൽ തടഞ്ഞ് നിര്‍ത്തി നടന്ന ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ പരാതിയുമായി എത്തിയെങ്കിലും പരാതിയുടെ ഗൗരവം ഉൾക്കൊള്ളുന്നതിൽ പോലും പൊലീസിന് വീഴ്ച പറ്റിയിരുന്നു. വിവാദമായ സംഭവത്തിൽ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്.
വാഹനം തിരിച്ചറിഞ്ഞെന്ന് പറഞ്ഞ പൊലീസ് ഈ റൂട്ടിൽ ഡെമ്മി പരീക്ഷണം അടക്കം നടത്തുകയും ചെയ്തു. എന്നിട്ടും പ്രതിയിലേക്ക് എത്താവുന്ന ഒരു സൂചനയും പൊലീസിന്റെ കയ്യിൽ ഇപ്പോഴുമില്ല. വാടക്ക് താമസിച്ചിരുന്ന വീട് ഉപേക്ഷിച്ച് മാറി താമസിക്കേണ്ടി വന്ന ഗതികേടിലാണിപ്പോൾ പരാതിക്കാരിയും.