മലപ്പുറം: അട്ടപ്പാടി ചുരത്തിൽ ഒമ്പതാംവളവിൽ തള്ളിയ ട്രോളിബാഗിലുള്ളത് കൊല്ലപ്പെട്ട ഹോട്ടലുടമയുടെ മൃതദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കോഴിക്കോട് ഒളവണ്ണയിലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂർ പിസി പടി സ്വദേശി മേച്ചേരി സിദ്ദീഖ് സിദ്ദീഖി (58)ന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കോഴിക്കോട് വെച്ച് കൊലപ്പെടുത്തി മുറിച്ച് കഷ്ണങ്ങളാക്കിയ ശേഷം ബാഗിലാക്കി ചുരത്തിൽ തള്ളുകയായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കേസിൽ മുഖ്യപ്രതി വല്ലപ്പുഴ സ്വദേശി ഷിബിലി (22), പെൺസുഹൃത്ത് ഫർഹാന (18), ആഷിഖ് എന്നിവരെ പൊലീസ് പിടികൂടി. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖിനൊപ്പം മൂവരും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ നേരത്തെ പിടിയിലായ ഫർഹാനയുടെ സുഹൃത്താണ് ആഷിഖ്. ഇയാളെ ചെർപ്പുളശ്ശേരിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് എ.ടി.എം വഴിയും ഗൂഗ്ൾ പേ വഴിയും പണം പിൻവലിച്ചതാണ് കേസിൽ തുമ്പായത്. എ.ടി.എമ്മിലും ആഷിഖിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കൊല്ലപ്പെട്ട സിദ്ദീഖിന്റെ ഒളവണ്ണയിലെ ചിക്ബേക്ക് ഹോട്ടലിലെ ജീവനക്കാരനായിരുന്നു മുഖ്യപ്രതി ഷിബിലി(22). ഇയാളും പെൺസുഹൃത്ത് ഫർഹാന(18)യും ചെന്നൈയിൽവെച്ചാണ് പിടിയിലായത്.
ഈ മാസം 18 നാണ് തിരൂർ സ്വദേശിയായ സിദ്ദീഖ് വീട്ടിൽ നിന്ന് പോയത്. അന്ന് ഒളവണ്ണയിലെ ഹോട്ടലിൽ എത്തിയപ്പോൾ, രണ്ടാഴ്ചയായി ഹോട്ടലിൽ ജോലി ചെയ്യുന്ന ഷിബിലിയുടെ സ്വഭാവദൂഷ്യം മറ്റുജീവനക്കാർ ചൂണ്ടിക്കാട്ടി. വൈകീട്ട് തന്നെ ഷിബിലിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഈ ദിവസം എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖും ഷിബിലിയും ഫർഹാനയും രണ്ടുറൂമുകൾ എടുത്തിരുന്നു. ഇവിടെ വെച്ചാണ് ക്രൂരകൃത്യം നടത്തിയത്.
വൈകീട്ട് മുതൽ സിദ്ദീഖിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ മകൻ തിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, സിദ്ദീഖിന്റെ എ.ടി.എം കാർഡും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.