മെഡിക്കൽ പ്രവേശനം: സാമ്പത്തിക സംവരണ മാനദണ്ഡങ്ങൾ മാറ്റുമെന്ന് കേന്ദ്രസർക്കാർ

news image
Nov 25, 2021, 4:31 pm IST

ദില്ലി: മെഡിക്കൽ പ്രവേശനത്തിലെ സംവരണവുമായി ബന്ധപ്പെട്ട കേസ് ജനുവരി ആറിലേക്ക് സുപ്രീംകോടതി മാറ്റിവെച്ചു. മെഡിക്കൽ പിജി പ്രവേശനത്തിനുള്ള കൗൺസിലിംഗിന് സ്റ്റേ തുടരും. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

 

 

നാലാഴ്ചയ്ക്കുള്ളില്‍ പുതിയ മാനദണ്ഡങ്ങളില്‍ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതുവരെ നീറ്റ് മെഡിക്കല്‍ അഖിലേന്ത്യാ ക്വോട്ടയിലെ കൗണ്‍സിലിംഗ് നടത്തില്ല. എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായി പരിഗണിക്കാമെന്ന നിലവിലെ വ്യവസ്ഥയെ കോടതി നേരത്തെ ചോദ്യം ചെയ്തിരുന്നു.

എട്ട് ലക്ഷം രൂപയിൽ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിലവിലെ തീരുമാനം അനുസരിച്ച് പത്ത് ശതമാനം  സംവരണം കിട്ടുക. ഈ പരിധി പുനഃപരിശോധിക്കാൻ തയ്യാറുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരുന്നു. അതിന് തയ്യാറാണമെന്നും നാല് ആഴ്ചത്തെ സാവകാശം മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള നടപടികൾക്ക് ആവശ്യമാണമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറൽ അറിയിച്ചു.  കേസ് ജനുവരി 6ന് പരിഗണിക്കാനായി  മാറ്റിവെച്ചു.  അതുവരെ മെഡിക്കൽ പിജി  കൗണ്‍സിലിംഗിനുള്ള സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രവേശനത്തിനാണ് മുൻഗണനയെന്ന് പറഞ്ഞ കോടതി, കേന്ദ്രസർക്കാർ നാലാഴ്ച സമയമെടുക്കുന്നതിൽ തെറ്റില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ് എന്നിവർ കൂടി ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe