മേപ്പയൂരിൽ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; പ്രതികൾ വിദേശത്തേക്ക് കടന്നു

news image
Jan 17, 2023, 4:40 pm GMT+0000 payyolionline.in

കോഴിക്കോട്: യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടികൊണ്ടു പോയി മർദ്ദിച്ച കേസിലെ പ്രതികൾ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരണം. മേപ്പയൂർ കാരയാട് പാറപുറത്തുമ്മൽ ഷഫീഖി(36)നെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി താമരശ്ശേരിയിലെ ഒരു ലോഡ്ജിൽ എത്തിച്ച് മർദിച്ചതായാണ് കേസ്. കേസിലെ പ്രതികളായ ചാത്തമംഗലം പുളാവൂർ മാക്കിൽ മുഹമ്മദ് ഉവൈസ്(23), ചുള്ളാവൂർ പിലാതോട്ടത്തിൽ റഹീസ്(23), കൊടുവള്ളി വലിയപറമ്പ് മീത്തലെ പന ക്കോട് മുഹമ്മദ് സഹൽ (25), എകരൂൽ എസ്റ്റേറ്റ് മുക്ക് പുതിയാടൻകണ്ടി ആദിൽ (24) എന്നിവരാണ് വിദേശത്തേക്ക് കടന്നതെന്ന് താമരശ്ശേരി ഡി.വൈ.എസ്.പി. ടി.കെ. അഷ്റഫ് പറഞ്ഞു.

കഴിഞ്ഞ 12ന് നെടുമ്പോശേരി വിമാനത്താവളത്തിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി ബഹ്റൈനിലേക്ക് ഇവർ കടന്നതായാണ് പോലീസ് പറയുന്നത്. ബഹ്റൈനിൽ നിന്ന് 9ന് വൈകിട്ട് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഷഫീഖിന്റെ പക്കൽ കൊടുത്തു വിട്ട ഒരു കിലോയോളം സ്വർണം തിരികെ നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടു പോകൽ എന്നാണ് പൊലീസ് സംശയിക്കുന്നത്. തട്ടികൊണ്ടു പോകവെ കൊടുവള്ളിക്ക് അടുത്ത് വെച്ച് ഭക്ഷണം കഴിക്കാൻ പ്രതികളെല്ലാവരും ഒരു ഹോട്ടലിലേക്ക് പോകവെ ഷെഫീഖ് ഒരു കടയിലേക്ക് ഓടികയറി രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ സംഘം സ്ഥലത്ത് നിന്നും  രക്ഷപ്പെട്ടു. തുടര്‍ന്നാണ് യുവാവ് പൊലീസിനെ വിവരം അറിയിക്കുന്നത്.  തട്ടികൊണ്ടു പോകൽ  സംഘത്തിനായി താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരവെയാണ് സംഘം വിദേശത്തേക്ക് കടന്നതായി അറിയുന്നത്. പൊലീസ് എറണാകുളം ഭാഗത്തെ ലോഡ്ജുകളിലും മറ്റും നിരീക്ഷണം നടത്തിയിരുന്നു. തട്ടികൊണ്ടു പോകൽസംഘം വിദേശത്തേക്ക് കടക്കുന്നത് തടയാൻ വിമാനതാവളങ്ങളിൽ ജാഗ്രതാ നിർദേശം നൽകാൻ പോലീസ് നടപടി സ്വീകരിക്കാതിരുന്നതാണ് തിരിച്ചടിയായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe