മേപ്പയ്യൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘര്‍ഷം; അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

news image
Nov 20, 2013, 10:45 am IST payyolionline.in

മേപ്പയ്യൂര്‍: മേലടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന മേപ്പയ്യൂര്‍ ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘര്‍ഷം. യു.ഡി.എസ്.എഫ്. പ്രവര്‍ത്തകരായ വി. റാഹിബ്, പി.ടി. ആഷിഖ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മര്‍ദ്ധനമേറ്റു. കെ.എസ്.യു, എം.എസ്.എഫ് സംഘടനകള്‍ ഉയര്‍ത്തിയ ഫ്ലക്സുകളും കൊടി തോരണങ്ങളും പീഴുതെറിഞ്ഞ് കത്തി ചാമ്പലാക്കുകയും ചെയ്തിട്ടുണ്ട്.
എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  പേരാമ്പ്ര, പയ്യോളി റോഡില്‍ നിന്നും സ്‌കൂളിലേക്കുള്ള പൊതുവഴി കൈയ്യടക്കി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഫ്ലെക്സുകളും കൊടിതോരണങ്ങളും കൊണ്ട് നിറച്ചിട്ടുണ്ട്. ഇവിടെ എസ്.എഫ്.ഐ ക്ക് മാത്രമേ പ്രവര്‍ത്തന സ്വാതന്ത്യമുള്ളു എന്നാണ് അക്രമത്തിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐയുടെ നിലപാടെന്ന് യു.ഡി.എസ്.എഫ് ആരോപിച്ചു. പൊതുസ്ഥലങ്ങളില്‍ ഫ്‌ളക്‌സുകളും കൊടിതോരണങ്ങളും ഉപയോഗിക്കരുതെന്ന മേള നടത്തിപ്പ് കമ്മിറ്റിയുടെ തീരുമാനം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പാലിക്കുന്നില്ലെന്നും യു.ഡി.എസ്.എഫ്. ആരോപിച്ചു.

 

യു.ഡി.എസ്.എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുന്ന മേലടി ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പരിസരത്തുവെച്ച് യൂ.ഡി.എസ്.എഫ് വിദ്യാര്‍ത്ഥികളെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതിലും കെ.എസ്.യു, എം.എസ്.എഫ് കമ്മിറ്റികള്‍ സ്ഥാപിച്ച ഫ്‌ളക്‌സുകളും കൊടി തോരണങ്ങളും നശിപ്പിച്ചതിലുടെ  പ്രതിഷേധിച്ച് യൂ.ഡി.എസ്.എഫിന്റെ നേതൃത്വത്തില്‍ മേള നടക്കുന്ന സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.  പ്രതിഷേധ മാര്‍ച്ച്  സ്‌കൂള്‍ കവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഇ.കെ മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ഡി.ജി ദിജീഷ് അദ്യക്ഷത വഹിച്ചു. സി.എം ബാബു, മുജീബ് കോമത്ത്, ആഷിദ് ചാവാട്ട്, സുഹൈല്‍ കൂനം വള്ളിക്കാവ്, നിസാര്‍ മണപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe