മേപ്പാടി കോളേജ് സംഘർഷത്തെ ചൊല്ലി തർക്കം; ബഹളം രൂക്ഷമായി; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

news image
Dec 9, 2022, 5:59 am GMT+0000 payyolionline.in

തിരുവനന്തപുരം: മേപ്പാടി പോളിടെക്നിക് കോളേജിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിക്ക് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നിയമസഭയിൽ വലിയ ബഹളത്തിന് കാരണമായി. ഇരുപക്ഷവും വാക്പോരുമായി രംഗത്തിറങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

മേപ്പാടി പോളി ടെക്നിക്കിൽ കെഎസ്‌യു യൂണിയൻ പിടിച്ച ശേഷം ആണ് സംഘർഷം ഉണ്ടായതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം. ലഹരി കേസിൽ പെട്ട് സസ്പെൻഷനിൽ ആയ വിഷ്ണു എസ്എഫ്ഐ നേതാവാണ്. മർദ്ദനമേറ്റ അപർണ ഗൗരി തന്നെ വിഷ്ണുവിനെതിരെ മാധ്യമങ്ങളിൽ അഭിമുഖം നൽകിയെന്നും വിഡി സതീശൻ പറഞ്ഞു. ഇതാണ് ബഹളത്തിലേക്ക് നീങ്ങാൻ കാരണം.

വിഡി സതീശന്റെ പരാമർശത്തിനെതിരെ ഭരണപക്ഷ ബഹളം രംഗത്തിറങ്ങി. ഇതോടെ പ്രതിപക്ഷവും എഴുന്നേറ്റു ബഹളം വെച്ചു. ഇരുപക്ഷവും സീറ്റിൽ നിന്ന് എഴുന്നേറ്റതോടെ സഭയിൽ വലിയ ബഹളം നടന്നു. ഇതിനിടെ സീറ്റിൽ നിന്ന് എഴുന്നേറ്റ മന്ത്രി എംബി രാജേഷ്, മർദ്ദനമേറ്റ അപർണ ഗൗരിയുടെ ഫെയ്സ്ബുക് പോസ്റ്റ് വായിക്കാമെന്ന് പറഞ്ഞു.

തൻറെ പ്രസംഗം പൂർത്തിയാകാതെ മന്ത്രിമാർ സംസാരിക്കരുതെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് ഇതിനെ എതിർത്തു. അപർണയെ ആക്രമിച്ച കേസിലെ പ്രതികൾ മാസങ്ങൾക്ക് മുൻപ് എംഎസ്എഫിന്റെ കൊടിമരം ആക്രമിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പെൺകുട്ടിയെ ആക്രമിച്ച പ്രതികൾ തന്നെയാണ് എം എസ് എഫിന്റെ കൊടി നശിപ്പിച്ച കേസിലെയും പ്രതികൾ.

മേപ്പാടി പോളിടെക്നിക് കോളേജിൽ ലഹരിമരുന്ന് സംഘം പ്രവർത്തിക്കുന്നുണ്ട്. ലഹരി ഉപയോഗിച്ചതിനാണ് എസ്എഫ്ഐ നേതാവിനെതിരെ നടപടിയെടുത്തത്. ഇതോടെ ഭരണപക്ഷം പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും സീറ്റിൽ നിന്ന് എഴുന്നേറ്റ് ബഹളം വെച്ചു. ബഹളം തുടരുക ആണെങ്കിൽ താൻ നിർത്താമെന്നും മയക്കുമരുന്ന് സംഘങ്ങൾക്ക് പൊളിറ്റിക്കൽ സ്പോൺസർഷിപ്പുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. എറണാകുളത്ത് എസ്എഫ്ഐയുടെ ഫുട്ബോൾ മാച്ചിന് സംഭാവന നൽകിയ സിഐടിയു നേതാവ് ഇപ്പോൾ ലഹരി കേസിൽ പ്രതിയാണ്.

ഭരണപക്ഷ അംഗങ്ങൾ വീണ്ടും ബഹളം വെച്ചതോടെ എല്ലാവരോടും ശാന്തമായിരിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ ഇരുപക്ഷവും സീറ്റിൽ നിന്ന് എഴുന്നേറ്റ് വാക്പോര് തുടർന്നു. ഇതൊരു പ്രധാനപ്പെട്ട വിഷയമാണെന്നും രാഷ്ട്രീയ നിറം നൽകേണ്ടതില്ലെന്നും സ്പീക്കർ പറഞ്ഞു. സഭ ഇങ്ങനെ മുന്നോട്ട് പോകാനാകില്ല. ഇരു പക്ഷവും സീറ്റിൽ ഇരിക്കണം എന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ വാക്പോര് രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe