മേയറുടെ കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ച്; പ്രാഥമിക റിപ്പോർട്ട് കൈമാറി

news image
Nov 21, 2022, 9:43 am GMT+0000 payyolionline.in

തിരുവനന്തപുരം : മേയറുടെ കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. നിജസ്ഥിതി കണ്ടെത്തണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കണമെന്നും ക്രൈംബ്രാ‍ഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിൽ നി‍ദ്ദേശിക്കുന്നു. യഥാര്‍ത്ഥ കത്ത് കണ്ടെത്താനായിട്ടില്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കത്ത് വ്യാജമെന്ന മേയറുടെ മൊഴിയുള്‍പ്പെടെ ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി. തുടര്‍ അന്വേഷണത്തില്‍ ഡിജിപി തീരുമാനമെടുക്കും.

ന​ഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയ‍ർ കൈമാറിയെന്ന് പറയുന്ന കത്ത് പുറത്തുവന്നിട്ട് ഒന്നരയാഴ്ച പിന്നിടുമ്പോഴാണ് റിപ്പോർട്ട്. വ്യാജമെന്ന് മേയർ മൊഴി നൽകുമ്പോഴും കത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ ആയിട്ടില്ല. ഈ ആഴ്ച ക്തതുമായി ബവന്ധപ്പെട്ട ഹർജി ഹൈക്കോടതി പരി​ഗണിക്കുന്നുണ്ട്. അതിന് മുമ്പ് തന്നെ റിപ്പോർട്ടിൽ തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ കോർപറേഷൻ ഓഫീസിൽ ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ബിജെപിയും യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്. മേയർ ആര്യാ രാജേന്ദ്രൻ രാജി വെക്കുന്നത് വരെ സമരമെന്നാണ് ഇരു വിഭാഗവും പറയുന്നത്. എന്നാൽ മേയർ രാജിവെക്കുന്ന പ്രശ്നമേയില്ലെന്ന നിലപാടിലാണ് സിപിഎമ്മും ഇടതുപക്ഷവും. നാളെ ചേരുന്ന കോർപറേഷൻ കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും.

മേയർക്കെതിരെ ഉയർന്ന ആരോപണങ്ങൾ ചർച്ച ചെയ്യാനായി പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യപ്രകാരമായിരുന്നു കഴിഞ്ഞ ദിവസം പ്രത്യേക കൗൺസിൽ യോഗം വിളിച്ചത്. മേയർ അധ്യക്ഷത വഹിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളി. ഇതോടെ പ്രത്യേക കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. മേയർ എത്തുന്നതിന് മുൻപ് തന്നെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയിരുന്നു. മേയർ വന്നതോടെ കരിങ്കൊടിയും ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി. ഗോബാക് വിളിച്ച് പ്രതിഷേധിച്ചു. എന്നാൽ വനിതാ കൗൺസിലർമാരെ മേയറുടെ ഡയസിന് ചുറ്റും നിരത്തി നിർത്തി ഇടതുമുന്നണി പ്രതിരോധനം തീർത്തു. കെ സുരേന്ദ്രന്റെ മകന്റെ നിയമന വിവാദം അടക്കം ഉയർത്തി എൽഡിഎഫ് തിരിച്ചടിച്ചു. പ്രതിപക്ഷ അംഗങ്ങൾ ആരും യോഗത്തിൽ സംസാരിച്ചില്ല. ഭരണപക്ഷത്തെ ഒൻപത് അംഗങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോൾ കൗൺസിൽ യോഗം മേയർ അവസാനിപ്പിച്ചു. ഇന്ന് മുതൽ സമരം ഒന്നുകൂടി ശക്തമാക്കുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe