കൊയിലാണ്ടി: മേലൂർ ആന്തട്ട ക്ഷേത്രത്തിന് സമീപം പുള്ളിമാനെ ട്രെയിൻ തട്ടി ചത്തനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് റെയിൽ പാളത്തിനരികിൽ പുള്ളിമാൻ്റെ ജഡം കണ്ടെത്തിയത്. നാട്ടുകാർ പോലീസിൽ വിവരമറിച്ചു തുടർന്ന് പെരുവണ്ണാമുഴിയിൽ നിന്നും ഫോറസ്റ്റ് ജീവനക്കാരൻ സ്ഥലത്തെത്തി. കണയങ്കോട് പാലത്തിന് സമീപം രണ്ട് ദിവസം മുമ്പ് പുള്ളിമാനെ കണ്ടെന്ന് നാട്ടുകാർ വിളിച്ചറിയിച്ചതായി പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറഞ്ഞു.
വനം വകുപ്പ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നഗര പ്രദേശത്തേക്ക് പുള്ളിമാൻ എത്തുന്നത് അപൂർവ്വമാണ്. അതേ സമയം പെരുവണ്ണാമുഴി തൊട്ട് കോഴിക്കോടിന്റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ മ്ലാവുകളാണ് കൂടുതലായി വളരുന്നത്. കുറ്റ്യാടി തൊട്ട് ആറളം മേഖലയിലാണ് പുള്ളിമാനെ കൂടുതലായും കാണാറുള്ളത്. ഒരുപക്ഷേ ഇതിനെ ആരെങ്കിലും വളർത്തി വിട്ടയച്ചതാണോ എന്നലും അന്വേഷണം നടക്കും. പുള്ളിമാനെ വളർത്തുന്നത് നിയമപരമായി ശിക്ഷാർഹമാണ്.