പയ്യോളി : മൊസൈക് ചിത്രം നിർമ്മിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടാന്‍ പയ്യോളി സ്വദേശി ഒരുങ്ങുന്നു. പയ്യോളി നെല്ല്യേരി മാണിക്കോത്ത് സ്വദേശിയും ന്യൂ മാഹി എം.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകനുമായ പി എം സുധീഷാണ് ജപ്പാൻകാരൻ നിർമ്മിച്ച മൊസൈക് ചിത്രത്തേക്കാൾ വലുത് നിർമ്മിച്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. ഏറ്റവും വലിയ മൊസൈക് ചിത്രം എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ജപ്പാൻകാരനായ മോസ് ബർജർ കിയോക്കെയ് എന്ന വ്യക്തിയുടെ പേരിലാണ് നിലവില്‍ ഉള്ളത് .
ജൂല്ലായ് 28 നു ആണ് ഗിന്നസ് വിൻ മിഷൻ സംഘടിപ്പിക്കുന്നത്. ഉച്ചക്ക് രണ്ട് മണിക്ക് നെല്യേരി മാണിക്കോത്ത് വെച്ച് പരിപാടി ആരംഭിക്കും . എംഎൽഎ, നഗരസഭാ ചെയർമാൻ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ , അദ്ധ്യാപകർ , കുടുംബശ്രീ പ്രവർത്തകർ , വ്യാപാരികൾ , നാട്ടുകാർ, രാഷ്ട്രീയ സാമൂഹിക കലാ-കായിക രംഗത്തെ പ്രമുഖർ ഉൾപ്പടെ നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുക്കും. ആറായിരത്തിലധികം മിഠായി കവറുകൾ കൊണ്ടാണ് ചിത്രം നിർമ്മിക്കുന്നത്. പരിപാടിയിൽ എത്തിച്ചേർന്നവര്‍ക്ക് നല്കുന്ന മിഠായിയിൽ നിന്നും കവർ വേർതിരിച്ച് സംഘാടകര്‍ക്ക് നല്കി അതുപയോഗിച്ചാണ് ചിത്രം നിര്‍മ്മിക്കുക. പത്രസമ്മേളനത്തില്‍ ചെയർമാൻ റാണപ്രതാപ്, കൺവീനർ പ്രശോഭ് മേലടി, ഉമ്മർ കമ്മന, വേണു കുറ്റിപ്പുനം, പി എം സുധീഷ് എന്നിവര്‍ പങ്കെടുത്തു.