മോഫിയ കേസ്: പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്, കോടതി ഇന്ന് പരി​ഗണിക്കും

news image
Nov 30, 2021, 7:18 am IST payyolionline.in

കൊച്ചി: ആലുവിലെ മോഫിയ പര്‍വീണ്‍   ആത്മഹത്യാക്കേസില്‍   പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ  ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ഭര്‍ത്താവ് സുഹൈല്‍, പിതാവ് യുസൂഫ്, മാതാവ് റുക്കിയ എന്നിവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. പ്രതികളുടെ ജാമ്യേപാക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.

 

 

ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേരളത്തിലെ ആകെ ഞെട്ടിച്ച നിയമ വിദ്യാർത്ഥിനി മോഫിയാ പർവ്വീണിന്റെ ആത്മഹത്യ കേസ് കഴിഞ്ഞ ദിവസമാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് കൈമാറിയത്. ഭർത്താവിന്റെ വീട്ടിൽ മോഫിയ പർവ്വീൺ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

 

 

 

പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. ഭർത്താവ് സുഹൈൽ  ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭർത്തൃവീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.  ഭർതൃമാതാവ് മോഫിയയെ സ്ഥിരമായി ഉപദ്രവിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും അശ്ലീലചിത്രങ്ങൾ കണ്ട് അനുകരിക്കാൻ ഭാര്യയെ നിർബന്ധിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പലതവണ ശരീരത്തിൽ മുറിവേൽപിച്ചു. 40 ലക്ഷം രൂപ സ്ത്രീധനവും ആവശ്യപ്പെട്ടു.

 

 

ഇതിനിടെ ഗാർഹിക പീഡന പരാതിയിൽ കേസ് എടുക്കുന്നതിൽ സിഐയായിരുന്ന സി എൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആലുവ ഈസ്റ്റ് പൊലീസിന് ഗുരുതര പിഴവുകൾ സംഭവിച്ചെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബന്ധുക്കൾ ഉയർത്തിയ എല്ലാ പരാതികളും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.

 

സിഐയ്ക്ക് കേസ് എടുക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. ഒക്ടോബർ 29 ന് പരാതി കിട്ടിയിട്ടും കേസ് എടുത്തത് പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോൾ മാത്രമാണ്. 25 ദിവസം ഈ പരാതിയിൽ സിഐ സി എൽ സുധീർ കാര്യമായി ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തൽ. ഇതോടെ സുധീറിനെ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം ഡിജിപി സസ്പെൻഡ് ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe