യന്ത്രം കേടായി; തൊഴിലാളി തെങ്ങിന്‌ മുകളിൽ കുടുങ്ങി

news image
Sep 24, 2021, 5:55 pm IST

തിരുവല്ല : യന്ത്രം കേടായതിനെ തുടർന്ന്‌ കൂറ്റൻ തെങ്ങിനു മുകളിൽ അരമണിക്കൂറിലേറെ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ ഫയർഫോഴ്‌‌സ് രക്ഷപ്പെടുത്തി. കറ്റോട് കാരിമല വലിയകാലായിൽ ടി കെ കൃഷ്‌ണൻകുട്ടി (65)യാണ് തെങ്ങിനു മുകളിൽ കുടുങ്ങിയത്‌.

വെള്ളിയാഴ്‌ച പകൽ ഒന്നോടെ കറ്റോട് ഇരുവെള്ളിപ്ര കിടങ്ങേറ്റിപറമ്പിൽ മാത്യു ഇടിക്കുളയുടെ വസ്‌തുവിലെ തെങ്ങിലാണ് ഇയാൾ കയറിയത്. കയറാൻ ഉപയോഗിച്ച തെങ്ങുകയറ്റ യന്ത്രത്തിന്റെ കമ്പി കുരുങ്ങിയതിനാൽ മുകളിലെത്തുന്നതിന് തൊട്ടുമുമ്പ് പ്രവർത്തനരഹിതമായി. ഇറങ്ങാനും കയറാനും പറ്റാത്ത അവസ്ഥയിൽ അര മണിക്കൂറിലേറെ തെങ്ങിൽ ചുറ്റിപ്പിടിച്ചുനിന്നു.

നിലവിളികേട്ട് എത്തിയ വീട്ടുടമസ്ഥരാണ് ഫയർഫോഴ്‌സിനെ അറിയിച്ചത്. ഫയർ ഓഫീസർ കെ ശ്യംകുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘം കൂറ്റൻ ഏണി തെങ്ങിൽ ഘടിപ്പിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്. മരണത്തെ മുഖാമുഖം കണ്ട നിമിഷമെന്നാണ്‌ താഴെ ഇറങ്ങിയ ശേഷം കൃഷ്‌ണ‌ൻകുട്ടി പറഞ്ഞത്‌. ‌

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe