യുക്രൈനിൽ ഹെലികോപ്റ്റർ തകർന്ന് ആഭ്യന്തര മന്ത്രിയടക്കം 18 പേർ കൊല്ലപ്പെട്ടു

news image
Jan 18, 2023, 11:49 am GMT+0000 payyolionline.in

കീവ്: യുക്രൈനിലെ കീവിൽ ഹെലികോപ്റ്റർ തകർന്ന് ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും അടക്കം 18 പേർ കൊല്ലപ്പെട്ടു. ഒരു ശിശു പരിപാലന കേന്ദ്രത്തിനു സമീപമാണ് കോപ്റ്റർ തകർന്നു വീണത്. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. അപകട കാരണം വ്യക്തമായിട്ടില്ല.

ഒരു വർഷത്തോട് അടുക്കുന്ന റഷ്യയുടെ യുക്രൈൻ ആക്രമണത്തിൽ ഇത്രയധികം ഉന്നതർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. യുക്രൈൻ ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി, സഹമന്ത്രി യഹീൻ യെനിൻ, ആഭ്യന്തര സെക്രട്ടറി യൂരി ലുബ്‌കോവിച് എന്നിവരാണ് ഹെലികോപ്റ്റർ തകർന്നു മരിച്ച വി ഐ പികൾ. ഹെലികോപ്റ്റർ വീണത് കിന്‍റർ ഗാർഡൻ അടക്കം പ്രവർത്തിക്കുന്ന ജനവാസ പ്രദേശത്ത് ആയതിനാൽ അവിടെ ഉണ്ടായിരുന്ന കുട്ടികൾ അടക്കം അപകടത്തിൽപ്പെട്ടു. കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ പറഞ്ഞു. ഹെലികോപ്റ്റർ പൊടുന്നനെ താഴ്ന്ന് കിന്‍റർ ഗാർഡൻ കെട്ടിടത്തിന്‍റെ മുകൾ ഭാഗത് ഇടിച്ച ശേഷം തകർന്നുവീണു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.

യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾ സന്ദർശിക്കാൻ പോവുകയായിരുന്നു ആഭ്യന്തര മന്ത്രിയടക്കമുള്ള ഉന്നത സംഘം. മരിച്ച ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി യുദ്ധമുഖത്ത് യുക്രൈന്‍റെ ഏറ്റവും ധീരമായ മുഖങ്ങളിൽ ഒന്നായിരുന്നു. സെലൻസ്കി മന്ത്രിസഭയിലെ ഏറ്റവും പ്രമുഖനായ അദ്ദേഹം ഒരു ഘട്ടത്തിൽ രാജ്യത്തിന്‍റെ പ്രസിഡന്‍റ് പദത്തിലേക്കുവരെ പരിഗണിക്കപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe