യുവതിയെ ഓട്ടോഡ്രൈവര്‍ക്കൊപ്പം ഇരുത്തി ചിത്രമെടുത്തു, പ്രചരിപ്പിക്കുമെന്ന് ഭീഷണി; പട്ടാപ്പകല്‍ സദാചാര ആക്രമണം

news image
Sep 21, 2022, 2:48 am GMT+0000 payyolionline.in

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് പട്ടാപ്പകല്‍ യുവാക്കാള്‍ നടത്തിയ സദാചാര ആക്രമണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് യുവാക്കള്‍ സദാചാര ആക്രമണം നടത്തിയത്. പട്ടാപ്പകല്‍ നടന്ന ഈ സംഭവം കേരളത്തിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓട്ടോഡ്രൈവറെ അടിക്കുകയും യുവതിക്ക് ഒപ്പം ഇരുത്തി ചിത്രം പകര്‍ത്തുകയുമായിരുന്നു.

 

നാടെങ്ങും ഈ ചിത്രം പ്രചരിപ്പിക്കുമെന്ന് യുവാക്കള്‍ ഭീഷണി മുഴക്കുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കേസെടുത്ത കുന്നംകുളം പൊലീസ് അന്വേഷണത്തിന് ഒടുവില്‍ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ കുന്നംകുളം സ്വദേശികളായ നിഖിൽ, റൗഷാദ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. റൗഷാദ് അടിപിടി കേസുകളിൽ മുൻപും പ്രതിയായിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ മാസം 26ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഒറ്റപ്പാലത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് ഓട്ടോയിൽ വരികയായിരുന്നു യുവതി. കല്ലുംപുറം എത്തിയപ്പോൾ ഫോണ്‍ വന്നതിനെ തുടർന്ന് സംസാരിക്കാനായി ഓട്ടോ നിർത്തി. ഈ സമയം ബൈക്കിൽ പോവുകയായിരുന്ന രണ്ട് പേർ ഓട്ടോറിക്ഷയുടെ സമീപത്തെത്തി യുവതിയോട് കയര്‍ക്കുകയായിരുന്നു. അസഭ്യം പറയുകയും ഓട്ടോയിൽ കയറി കടന്നുപിടിക്കുകയും ചെയ്തതോടെ ഓട്ടോ ഡ്രൈവര്‍ തടയാന്‍ ശ്രമിച്ചു.

ഇതോടെ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. യുവതിയോടൊപ്പം ഇരുത്തി ഫോട്ടോ എടുത്ത ശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിന് ഇരയായ യുവതിയും ഓട്ടോ ഡ്രൈവറും കുന്നംകുളം സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെയും ഓട്ടോ ഡ്രൈവറുടെയും മൊബൈല്‍ ഫോണ്‍ പ്രതികള്‍ തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe