യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് കൊന്ന സംഭവം: 11 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

news image
Jan 13, 2023, 10:43 am GMT+0000 payyolionline.in

ന്യൂഡൽഹി∙ ഇരുചക്രവാഹനത്തിൽ കാറിടിപ്പിച്ച ശേഷം അഞ്ജലി സിങ് എന്ന യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 11 പൊലിസുകാര്‍ക്ക് സസ്പെന്‍ഷന്‍. കണ്‍ട്രോള്‍ റൂം, പിക്കറ്റ് ചുമതലകളില്‍ ഉണ്ടായിരുന്നവര്‍ക്കാണ് സസ്പെന്‍ഷന്‍. അപകടവിവരം അറിയിച്ചിട്ടും പൊലീസ് എത്താന്‍ വൈകിയെന്ന് പരാതി ഉയര്‍ന്നിരുന്നു. സംഭവ ദിവസം രാത്രിയിൽ ഡ്യൂട്ടിക്ക് വിന്യസിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം പൊലീസിന് നേരത്തേ നിർദേശം നൽകിയിരുന്നു.

പുതുവത്സര ദിനത്തിൽ വിന്യസിച്ച മൂന്ന് പിസിആർ വാനുകളിലും രാത്രി രണ്ട് പിക്കറ്റുകളിലും പോസ്റ്റ് ചെയ്ത എല്ലാ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാനാണ് മന്ത്രാലയം ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നത്. രണ്ട് സബ് ഇൻസ്പെക്ടർമാർ, നാലു ഹെഡ് കോൺസ്റ്റബിൾമാർ, ഒരു കോൺസ്റ്റബിൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രാത്രി ഡ്യൂട്ടിയ്ക്ക് വിന്യസിച്ച പൊലീസുകാരിൽനിന്ന് കൃത്യവിലോപം ഉണ്ടായതായി കണ്ടെത്തിയെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷണർ ശാലിനി സിങ് അറിയിച്ചു. തെറ്റുകാരെന്നു കണ്ടെത്തിയ പൊലീസുകാർക്കെതിരെ കൊലപാതക കുറ്റവും ചുമത്തണമെന്ന് മന്ത്രാലയം അറിയിച്ചതായി പൊലീസ് പറഞ്ഞു.

ജനുവരി 1നു പുലർച്ചെയാണ് മദ്യലഹരിയിൽ 5 യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ, സ്കൂട്ടർ യാത്രക്കാരിയായ അഞ്ജലി സിങ്ങി(20)നെ ഇടിച്ചിട്ട് 12 കിലോമീറ്ററോളം വലിച്ചിഴച്ചത്. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിൽ സുൽത്താൻപുരിയിലെ കാഞ്ചവാലയിൽ നിന്നാണു കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴു പേരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സംഭവം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുന്നതിനായി നാഷനൽ ഫൊറെൻസിക് അക്കാദമിയിലെ അഞ്ചു ഫൊറൻസിക് വിദഗ്ധരെ ഗുജറാത്തിൽനിന്നു വരുത്താനും തീരുമാനമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe