യു.എ.ഇയില്‍ പകുതി വിദ്യാർഥികൾ അടുത്തയാഴ്ച മുതൽ സ്കൂളുകളിലെത്തും

news image
Jan 12, 2021, 11:12 am IST

യു.എ.ഇയിലെ സ്കൂളുകളിൽ ഉയർന്ന ക്ലാസുകളിലെ പകുതി വിദ്യാർഥികൾ അടുത്തയാഴ്ച മുതൽ സ്കൂളുകളിലെത്തും. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടു. മുഴുവൻ മുൻനിര പോരാളികൾക്കും വാക്സിൻ നൽകുന്ന നടപടി പൂർത്തിയായി.

ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ പകുതി വിദ്യാർഥികളെയെങ്കിലും ഈ മാസം 17 മുതൽ സ്കൂളിൽ തിരികെ എത്തിക്കാനാണ് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ തീരുമാനം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല സ്കൂളുകൾക്കായിരിക്കും. അബൂദബിയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതിയ അധ്യയനവർഷം തുടങ്ങിയിട്ടും ഓൺലൈൻ വിദ്യാഭ്യാസ രീതി തുടരുന്ന സാഹചര്യത്തിലാണ് മുതിർന്ന വിദ്യാർഥികളെയെങ്കിലും സ്കൂളിലെത്തിക്കാൻ ശ്രമം ശക്തമാക്കുന്നത്. രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 10,86,568 ആയി.

രണ്ടര ലക്ഷത്തിലേറെ പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു. മുഴുവൻ മുൻനിര പോരാളികൾക്കും വാക്സിൻ നൽകുന്ന നടപടി പൂർത്തിയാക്കിയെന്നും അധികൃതർ അറിയിച്ചു. അതേസമയം, ഇന്ന് 2,876 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് മരണവും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 708 ആയി. മൊത്തം രോഗബാധിതർ 2,30,578 ലെത്തി. ഇന്ന് 2,454 പേർക്ക് രോഗം ഭേദമായി. മൊത്തം രോഗമുക്തർ 2,06,164 ആയി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe