യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണം: ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം; ദേശീയപതാക താഴ്ത്തിക്കെട്ടും

news image
May 14, 2022, 7:46 am IST payyolionline.in

ന്യൂഡൽഹി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാന്റെ നിര്യാണത്തിൽ ആദരസൂചകമായി ഇന്ത്യ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. മെയ് 14ന് ശനിയാഴ്ച രാജ്യത്തുടനീളം ഒരു ദിവസത്തെ ദുഃഖാചരണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.

സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന എല്ലാ സ്ഥാപനങ്ങളിലും പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ലെന്നും സർക്കാർ ഉത്തരവിൽ അറിയിച്ചു.

ഏറെ നാളായി രോഗബാധിതനായ യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ വെള്ളിയാഴ്ചയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക്​ ശേഷമാണ്​ പ്രസിഡൻഷ്യൽ അഫയേഴ്​സ്​ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്​. 73 വയസായിരുന്നു. രാജ്യത്തെ സായുധ സേനയുടെ പരമോന്നത കമാൻഡറും സുപ്രീം പെട്രോളിയം കൗൺസിലിന്‍റെ ചെയർമാനുമാണ്​. രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിഡന്‍റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്‍റെ മരണത്തെ തുടർന്നാണ്​ 2004 നവംബർ രണ്ടിന് ശൈഖ്​ ഖലീഫ അബൂദബി ഭരണാധികാരിയായും അടുത്ത ദിവസം യു.എ.ഇ പ്രസിഡന്‍റായും ചുമതലയേറ്റത്​.

ശൈഖ് ഖലീഫ ബിൻ സായിദിന്റെ വിയോഗത്തിൽ ഇന്ത്യൻ പ്രധാനമ​ന്ത്രി നരേന്ദ്രമോദി അനുശോചിച്ചിരുന്നു. നിര്യാണത്തിൽ അതിയായ ദുഃഖമുണ്ടെന്ന് മോദി പറഞ്ഞു. മികച്ച രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണവുമുള്ള നേതാവുമായിരുന്നു അദ്ദേഹം. ഇന്ത്യ-യു.എ.ഇ ബന്ധം അഭിവൃദ്ധി പ്രാപിച്ചത് അദ്ദേഹത്തിന്‍റെ ഭരണകാലത്താണ്. ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയംഗമമായ അനുശോചനം യു.എ.ഇയെ അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നതായും മോദി ട്വീറ്റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe