‘യൂട്യൂബ് ചാനല്‍ തുടങ്ങി എന്തും പറയാമെന്ന അവസ്ഥ’; വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നടപടിയെന്ത്? കേന്ദ്രത്തോട് കോടതി

news image
Sep 2, 2021, 4:21 pm IST

ദില്ലി: സാമൂഹ്യ മാധ്യമങ്ങൾക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ആര്‍ക്കുവേണമെങ്കിലും എന്തും വിളിച്ച് പറയാനുള്ള ഇടമായി സാമൂഹ്യ മാധ്യമങ്ങൾ മാറിയെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. സാധാരണക്കാരോട് ഒരു പ്രതിബദ്ധതയും സാമൂഹ്യമാധ്യമ കമ്പനികൾക്കില്ലെന്നും തബ്ലീഗ് ജമാഅത്ത് കേസിൽ കോടതി ആഞ്ഞടിച്ചു.

 

 

 

നിസാമുദ്ദീനിൽ കഴിഞ്ഞ വര്‍ഷം നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനമാണ് രാജ്യത്ത് കൊവിഡ് വ്യാപനത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകൾക്കെതിരെ മുസ്ളീം സംഘടനകൾ നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇടപെടൽ.

ആര്‍ക്ക് വേണമെങ്കിലും ഇന്ന് യൂട്യൂബ് ചാനലുകൾ തുടങ്ങാം. അതിലൂടെ എന്തും വിളിച്ചുപറയാം. വര്‍ഗീയത പടര്‍ത്താൻ വരെ ശ്രമിക്കുന്നു. ആരെയും അപകീര്‍ത്തിപ്പെടുത്താം. ഒരു നിയന്ത്രണവും ഇതിനൊന്നും ഇല്ല.  നിരവധി വ്യാജ വാര്‍ത്തകളാണ് യൂട്യൂബ് വഴി പുറത്തുവരുന്നത്. ഇത് തടയാൻ എന്ത് സംവിധാനമാണ് ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചു.

 

 

സാധാരണ ജനങ്ങളോടോ, കോടതിയോടോ പോലും സാമൂഹ്യ മാധ്യമ കമ്പനികൾ പ്രതിബദ്ധത കാട്ടുന്നില്ല. കരുത്തരായ ആളുകളോട് മാത്രമാണ് അവര്‍ പ്രതികരിക്കുന്നത്. എന്തും പറയാനുള്ളത് അവകാശമെന്നാണ് ഈ കമ്പനികൾ പറയുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കേസ് നാലാഴ്ചത്തേക്ക് മാറ്റിവെച്ചു. സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനത്തെ കുറിച്ച് ഇതിന് മുമ്പ് ശക്തമായ വിമര്‍ശനങ്ങൾ സുപ്രീംകോടതി നടത്തിയിട്ടുണ്ട്. ഐടി നിയമങ്ങൾ കര്‍ശനമായി നടപ്പാക്കണമെന്ന നിര്‍ദ്ദേശം കൂടിയാണ് വിമര്‍ശനങ്ങളിലൂടെ കേന്ദ്ര സര്‍ക്കാരിന് കോടതി നൽകുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe