യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

news image
Jan 9, 2024, 4:12 am GMT+0000 payyolionline.in

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരില്‍ വച്ചാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്‍റോണ്‍മെന്‍റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. നിലവില്‍ അടൂരിലെ വീട്ടില്‍നിന്നും പൊലീസ് രാഹുലിനെ കൊണ്ടുപോയിട്ടുണ്ട്. പുലര്‍ച്ചെ വീട്ടില്‍ കയറിയുള്ള പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. വീട് മൊത്തം  പൊലീസ് വളയുകയായിരുന്നുവെന്നും ഭീകരവാദിയെ പിടിക്കുന്നതുപോലെയുള്ള നീക്കമാണ് നടന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഡിസംബറില്‍ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് എടുത്ത കേസിൽ പ്രതിപക്ഷേ നേതാവ് വി ഡി സതീശന്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരുന്നത്. വി ഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്ഐആറിൽ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരും കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റ‍ർ ചെയ്ത കേസിൽ പ്രതികളാണ്.

കരിങ്കൊടി പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ അക്രമങ്ങൾക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. കന്‍റോണ്‍മെന്‍റ് എസ്ഐ ഉള്‍പ്പടെ എട്ട് പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe