രജിസ്ട്രേഷനില്ലാത്ത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കണമെന്ന് വിധി: 5 വർഷമായി നടപ്പാക്കാതെ പിണറായി സർക്കാർ

news image
May 9, 2023, 2:38 am GMT+0000 payyolionline.in

കൊച്ചി : സുരക്ഷാ നിയമങ്ങൾ കാറ്റിൽ പറത്തിയും രജിസ്ട്രേഷൻ പോലുമില്ലാതെയും പ്രവർത്തിക്കുന്ന ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് വന്നിട്ട് അഞ്ച് വർഷം പിന്നിട്ടിട്ടും പിണറായി സർക്കാർ നടപടിയെടുക്കുന്നില്ല. ബോട്ടുടമകളുടെ സംഘടന നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. തൊടു ന്യായങ്ങള്‍ നിരത്തി വിധി നടപ്പാക്കാതിരുന്നതോടെ സർക്കാരിനെതിരെയുളള കോടതിയലക്ഷ്യത്തിന് കേസ് നൽകിയിരിക്കുകയാണ് ബോട്ടുടമകള്‍.

താനൂർ ബോട്ട് അപകടത്തിന് പിന്നാലെ ഇന്നലെ വൈകീട്ട് പുന്നമടക്കായലിൽ ഹൗസ് ബോട്ടുകളില്‍ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. 12 ബോട്ടുകള്‍ പരിശോധിച്ചപ്പോള്‍ രജിസ്ട്രേഷൻ കണ്ടെത്തിയത് മൂന്ന് ബോട്ടുകളിൽ മാത്രമാണ്. ഇത് വെറും കണ്ണില്‍ പൊടിയിടൽ മാത്രമാണെന്ന് മുൻകാല രേഖകൾ പരിശോധിച്ചാൽ മനസിലാവും.

പുന്നമടക്കായലിലുള്ളത് 1500ഓളം ഹൗസ്ബോട്ടുകളാണ്. തുറമുഖ വകുപ്പിന്‍റെ രേഖകള്‍ പ്രകാരം രജിസ്ട്രേഷന് എടുത്തിരിക്കുന്നത് 800റോളം ബോട്ടുകൾ മാത്രമാണ്. ഒരോ വര്‍ഷവും ബോട്ടുകളില്‍ സര്‍വേ നടത്തി എല്ലാ സുരക്ഷാചട്ടങ്ങളും പാലിച്ചെന്ന് കണ്ടാല്‍ മാത്രമേ രജിസ്ട്രേഷൻ പുതുക്കി നൽകാൻ പാടുള്ളൂ. സര്‍വേ നടത്തുന്നതിന് ഫീസടച്ച് ബോട്ടുടമകളാണ് അപേക്ഷ നൽകേണ്ടത്. പകുതിയലധികം പേരും ഇത് ചെയ്യാറില്ല. ഉദ്യോഗസ്ഥർ ശ്രമിക്കാറുമില്ല.

ചിലര്‍ ഒരേ നമ്പർ തന്നെ പല ബോട്ടുകൾക്കും ഉപയോഗിക്കും. മറ്റ് ചിലർ പൊളിച്ച് കളഞ്ഞ ബോട്ടുകളുടെ നമ്പര്‍ ഉപയോഗിച്ച് ബോട്ടുകള്‍ ഓടിക്കും. ജനങ്ങളുടെ ജീവന് ഭീഷണിയായ, വ്യവസായത്തെ തന്നെ തകര്‍ക്കുന്ന ഈ അനധികൃത നടപടിക്കെതിരെ ബോട്ടുടമകളുടെ സംഘടന തന്നെയാണ് ഹൈകോടതിയെ സമീപിച്ചത്. അനധികത ബോട്ടുകള്‍ പിടിച്ചു കെട്ടുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ 2018 മാർച്ച് 18 ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ആ വര്‍ഷം ഡിസംബറിന് മുൻപ് അനധികൃത ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ പിണറായി സർക്കാർ തീരുമാനിച്ചു. പക്ഷെ ഇത് വരെ ഒരു നടപടിയും ഉണ്ടായില്ല.

പുന്നമടക്കായലിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്‍റെ മൂന്നിരിട്ടി ബോട്ടുകൾ നിലവിൽ ഇവിടെയുണ്ട്. ഇത് കണ്ടെത്തിയതോടെ ആലപ്പുഴയില്‍ പുതിയ ബോട്ടുകള്‍ക്ക് അനുമതി കൊടുക്കേണ്ടെന്ന് 2013 ല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തുറമുഖ വകുപ്പിന്‍റെ കൊല്ലം, കൊടുങ്ങല്ലൂര്‍ ഓഫീസുകളില്‍ രജിസ്ട്രേഷൻ നടത്തി പുതിയ ബോട്ടുകൾ ഇപ്പോഴും ആലപ്പുഴയിലേക്ക് കടത്തുന്ന കേസുകളും നിരവധിയാണ്. ഒരു നടപടിയും ഇതിലൊന്നും സ്വീകരിക്കുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe