രണ്ടാം ഭാര്യയെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചു, ചാരം കടലിലൊഴുക്കി, കാണാനില്ലെന്ന് പരാതി നൽകി ഭര്‍ത്താവ്

news image
Sep 13, 2022, 8:54 am GMT+0000 payyolionline.in

മുംബൈ : രണ്ടാം ഭാര്യയെ കത്തിച്ച് ചാരം കടലിലൊഴുക്കിയ ശിവസേന നേതാവ് അറസ്റ്റിൽ. 47 കാരനായ ഭായ് സാവന്ത് എന്ന് വിളിക്കുന്ന സുകാന്ത് സാവന്ത് ആണ് ഭാര്യയെ കൊന്ന കേസിൽ അറസ്റ്റിലായത്. ഭാര്യയുടെ കൊലപാതകത്തിന്റെ തെളിവുകൾ പൂര്‍ണ്ണമായും തുടച്ചുനീക്കാൻ ഇയാൾ കത്തിച്ചതിന്റെ ചാരം കടലിൽ ഒഴുക്കുകയായിരുന്നു.

സുകാന്തിന് പുറമെ ഇയാളുടെ സഹായികളായ റുപേഷ് എന്ന ഛോട്ടാ സാവന്ത് (43), പ്രമോദ് എന്ന പമ്യ ഗവ്നാംഗ് (33) എന്നിവരെയും പൊലീസ് പിടികൂടി. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതി മൂവരെയും സെപ്തംബര്‍ 19 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

രത്നഗിരി പഞ്ചായത്ത് സമിതിയുടെ മുൻ പ്രസിഡന്റായ 35 കാരി സ്വപ്നാലിയെയാണ് സുകാന്തും കൂട്ടാളികളും ചേര്‍ന്ന് ജീവനോഡടെ തീക്കൊളുത്തി കൊന്നത്.  കുടുംബ വഴക്കിനെ തുടര്‍ന്നാണ് സ്വപ്നാലിയെ കൊലപ്പെടുത്തിയത്. മൂവരും ചേര്‍ന്ന് ഓഗസ്റ്റ് 31ന് ഗണേശ ചതുര്‍ത്ഥി ദിവസം സ്വപ്നാലിയെ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിച്ചു. സുകാന്തിന്റെ വസ്തുവിലിട്ടാണ് കത്തിച്ചത്. തുടര്‍ന്ന് ചാരം കടലിലൊഴുക്കിയെന്നും രത്നഗിരി എസ് പി മോഹിത് കുമാര്‍ ഗാര്‍ഗ് പറഞ്ഞു.

കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച സാമ്പിളുകൾ പരിശോധനയ്ക്കയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പൊലീസിൽ പരാതി നൽകി. എന്നാൽ  സെപ്തംബര്‍ 10ന് സ്വപ്നാലിയുടെ അമ്മ സംഗീത മകളുടെ തിരോധാനത്തിൽ മരുമകൻ സുകാന്തിന് ബന്ധമുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി. ഇവര്‍ ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്നാലിയെ കൊലപ്പെടുത്തിയെന്ന് സുകാന്ത് സമ്മതിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe