‘രാജസ്ഥാൻ മോഡൽ’ പ്രചാരണമാക്കി കോൺ​ഗ്രസ്, താരപ്രചാരകനായി ​ഗെഹ്ലോട്ട്; കർണാടക ഒപ്പം നിക്കുമോ?

news image
May 2, 2023, 5:31 am GMT+0000 payyolionline.in

ബം​ഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊള്ളുമ്പോൾ തങ്ങളുടെ താരപ്രചാരകനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടിനെ ഇറക്കി കോൺ​ഗ്രസ്. സദ്ഭരണത്തിന്റെ മാതൃക‌യായി രാജസ്ഥാനെ ഉയർത്തിക്കാ‌ട്ടാനാണ് കോൺ​ഗ്രസിന്റെ ശ്രമം. തിങ്കളാഴ്ച ബം​ഗളൂരുവിലും മാം​ഗ്ലൂരിലും ​ഗെഹ്ലോട്ട് പ്രചാരണത്തിനെത്തി‌യിരുന്നു.  രണ്ടിടത്തുമുള്ള രാജസ്ഥാനികളെ ലക്ഷ്യംവച്ചാണ് കോൺ​ഗ്രസ് നീക്കം.

4 ലക്ഷം രാജസ്ഥാനികളാണ് കർണാടകത്തിൽ സ്ഥിരതാമസക്കാരായുള്ളത്. ഇവരിൽ ഒന്നരലക്ഷം പേരും ഇവിടെ വോട്ടുള്ളവരാണ്. സംസ്ഥാനത്തെ വോട്ടിം​ഗ് ശതമാനത്തിന്റെ നാല് ശതമാനം രാജസ്ഥാനികളാണെന്ന് ചുരുക്കം. അതുകൊണ്ട് ഇവരുടെ ഓരോ വോട്ടും നിർണാ‌യകമാണ്.  മാർവാഡി വ്യാപാരി സമൂഹത്തെ സ്വാധീനിക്കാൻ ​ഗെഹ്ലോട്ടിന്റെ വരവിന് കഴിയുമെന്നാണ് കോൺ​ഗ്രസിന്റെ കണക്കുകൂട്ടൽ. രാജസ്ഥാനിൽ നിന്ന് പ്രചരണത്തിനെത്തി‌യ ഏക കോൺ​ഗ്രസ് നേതാവാണ് ​ഗെഹ്ലോട്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുവായ സച്ചിൻ പൈലറ്റിനെ കോൺ​ഗ്രസ് കർണാടകയിലെത്തിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

രാജസ്ഥാനിൽ ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുക‌യാണ്. രാജ്യത്ത് കോൺ​ഗ്രസിന് ഭരണമുള്ള ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. കർണാടകയിൽ പ്രചാരണത്തിനെത്തി‌യ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ആഴ്ച രാജസ്ഥാൻ കോൺ​ഗ്രസിനെ കടന്നാക്രമിച്ചിരുന്നു. മൂന്നു ദിവസത്തിനിടെ രണ്ട് തവണയാണ് മോദി രാജസ്ഥാൻ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ചത്. കോൺ​ഗ്രസിന് വോട്ട് ചെയ്യുകയെന്നാൽ അസ്തിരമായ സർക്കാരിന് വോട്ട് ചെയ്യുക എന്നാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രാജസ്ഥാനും ഛത്തീസ്​ഗഡും സൂചിപ്പിച്ചായിരുന്നു പരാമർശം.

കോൺ​ഗ്രസിൽ മാത്രമല്ല ബിജെപിയിലും രാജസ്ഥാനിൽ ആഭ്യന്തരപ്രശ്നങ്ങളുണ്ടെന്നാണ് ഇതിനോട് ​ഗെഹ്ലോട്ട് തിരിച്ചടിച്ചത്. ജനവിധി‌യിലൂടെ അധികാരത്തിലെത്തിയ സർക്കാരിനെ അട്ടിമറിക്കലാണ് ബിജെപി മാതൃകയെന്നും അദ്ദേഹം വിമർശിച്ചു. മധ്യപ്രദേശ്, ​ഗോവ, മണിപ്പൂർ എന്നിവിടങ്ങളാണ് ഉദാഹരണമായി ചൂണ്ടിക്കാ‌ട്ടിയ‌ത്. രാജസ്ഥാനിൽ ബിജെപി‌യുടെ പരിശ്രമം പരാജയപ്പെട്ടെന്നും ​ഗെഹ്ലോട്ട് അഭിപ്രായപ്പെ‌ട്ടു. രാജസ്ഥാനിൽ കോൺ​ഗ്രസിനെ താഴെയിറക്കാൻ മുടക്കിയ പണം ബിജെപിക്ക് നഷ്ടമായി എന്നാണ് അദ്ദേഹം പരിഹസിച്ചത്.  “കോൺഗ്രസ് എവിടെ സർക്കാർ രൂപീകരിച്ചാലും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്‌യമാക്കും, രാജസ്ഥാൻ മോഡൽ നടപ്പാക്കും,” ഗെലോട്ട് പൊതുവേദിയിൽ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe