രാജ്യം ആര് ഭരിക്കും, ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം; എട്ട് മണി മുതല്‍ വോട്ടെണ്ണല്‍

news image
Jun 4, 2024, 1:35 am GMT+0000 payyolionline.in

ദില്ലി: രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കണമെന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക. പത്തര ലക്ഷം കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒന്‍പത് മണിയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞത്. വോട്ടെണ്ണലിന് മുന്നോടിയായി ഇന്നലെ ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉണ്ട്. 24 മണിക്കൂറും സിസി ടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മൂന്ന് തലത്തില്‍ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്ത് വീണ്ടും മോദി തരംഗമെന്നാണ് കഴിഞ്ഞ ദിവസത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നും, ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നു. ഇന്ത്യാ സഖ്യം ഇരുനൂറ് കടക്കില്ലെന്നും പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടിയേക്കുമെന്ന് കോണ്‍ഗ്രസിന് ആശ്വസിക്കാമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. എന്‍ഡിഎ 353 മുതല്‍ 368 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 118 സീറ്റ് മുതല്‍ 133 സീറ്റ് വരെയും മറ്റുള്ളവ 43 മുതല്‍ 48 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ്  പ്രവചിക്കുന്നത്. എന്‍ഡിഎ 362 മുതല്‍ 392 വരെ സീറ്റ് നേടുമെന്നാണ് ജന്‍കി ബാത് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 141 മുതല്‍ 161 സീറ്റ് വരെ നേടുമെന്നും ജന്‍കി ബാത് പ്രവചിക്കുന്നു. എന്‍ഡിഎ 359 സീറ്റും ഇന്ത്യ സഖ്യം 154 സീറ്റും മറ്റുവള്ളവര്‍ 30 സീറ്റും നേടുമെന്നാണ് റിപ്പബ്ലിക് ഭാരത് പി മാര്‍ക്ക് പ്രവചിക്കുന്നത്. എന്‍ഡിഎ 371 സീറ്റും ഇന്ത്യ സഖ്യം 125 സീറ്റും മറ്റുള്ളവര്‍ 47 സീറ്റും വിജയിക്കുമെന്ന്  പ്രവചിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe