രാജ്യത്ത് ആദ്യത്തേത്; കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

news image
Apr 25, 2023, 4:44 am GMT+0000 payyolionline.in

തിരുവനന്തപുരം: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസ് ആയ കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. കൊച്ചിയുടെയും പത്ത് ദ്വീപുകളുടെയും ജലഗതാഗതം പുതിയ കാലത്തിന് ചേർന്ന വിധം നവീകരിക്കുകയാണ് പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടെ പൊതുഗതാഗത രംഗത്ത് കൊച്ചിയിൽ പുതിയൊരു രംഗത്തേക്ക് കൂടിയാണ് വാട്ടർ മെട്രോയിലൂടെ കാലെടുത്ത് വയ്ക്കുന്നത്.

വാട്ടർ മെട്രോ പദ്ധതി മൂന്ന് വർഷം കൊണ്ട് ജനങ്ങൾക്ക് സമർപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.  2016ൽ നിർമാണം തുടങ്ങിയ പദ്ധതിയാണിത്. പ്രാരംഭ ഘട്ടത്തിൽ എട്ട് ബോട്ടുകളാണ് സർവീസ് നടത്തുക. ഹൈക്കോടതി ടെർമിനൽ മുതൽ വൈപ്പിൻ വരെയാണ് ആദ്യ സർവീസ്. 20 രൂപയാണ് കുറഞ്ഞ നിരക്ക്. ഉയർന്ന നിരക്ക് 40 രൂപയാണ്. മെട്രോ സ്റ്റേഷനുകൾക്ക് സമാനമായാണ് ബോട്ട് ടെർമിനലുകൾ നിർമ്മിച്ചിരിക്കുന്നത്. എഎഫ്‌സി ഗേറ്റുകൾ, വേലിയേറ്റ വേലിയിറക്ക സമയങ്ങളിൽ ബോട്ടുമായി ഒരേ ലെവൽ നിലനിർത്താനാകുന്ന ഫ്ലോട്ടിംഗ് പോണ്ടൂണുകളും വാട്ടർ മെട്രോയുടെ പ്രത്യേകതകളാണ്.

 

കൊച്ചിൻ ഷിപ്‍യാർഡിൽ നിർമ്മിച്ച ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഒരു ബോട്ടിന് 7.5 കോടിയാണ് നിർമാണ ചെലവ്. വൈദ്യുതി ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ബോട്ട് പ്രവർത്തിപ്പിക്കാനാകും. ബാറ്ററി നൂറ് ശതമാനം ചാർജ് ചെയ്യാൻ വെറും 20 മിനുട്ട് സമയം മാത്രം മതിയാകും. ഇതിലൂടെ ഒരു മണിക്കൂർ ബോട്ട് ഓടിക്കാനാകും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് പ്രധാനമന്ത്രി വാട്ടർമെട്രോ ഉദ്ഘാടനം ചെയ്യും. കൊച്ചിയിൽ അതേസമയം തന്നെ ഉദ്ഘാടന സർവീസ് നടക്കും. ബുധനാഴ്ച മുതലാണ് റെഗുല‌ർ സർവീസ് തുടങ്ങുക.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe