രാജ്യത്ത് 76 പേരിൽ പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തി

news image
Mar 18, 2023, 1:32 pm GMT+0000 payyolionline.in

ന്യൂഡൽഹി: രാജ്യത്ത് 76 പേരിൽ കൊറോണ വൈറസിന്‍റെ എക്സ്.ബി.ബി1.16 വകഭേദം കണ്ടെത്തി. കോവിഡ് കേസുകളിൽ വീണ്ടുമൊരു വർധനക്ക് കാരണമാകുന്നത് പുതിയ വകഭേദമാണോയെന്ന സംശയത്തിലാണ് വിദഗ്ധർ.

കർണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7), ഡൽഹി (5), തെലങ്കാന (2), ഗുജറാത്ത് (1), ഹിമാചൽ പ്രദേശ് (1), ഒഡിഷ (1) എന്നിങ്ങനെയാണ് പുതിയ വകഭേദം സ്ഥിരീകരിച്ച സംസ്ഥാനങ്ങൾ.

ജനുവരിയിലാണ് ഇന്ത്യയിൽ എക്സ്.ബി.ബി1.16 വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. രണ്ട് കേസുകളായിരുന്നു ജനുവരിയിൽ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരിയിൽ 59 കേസുകളായി വർധിച്ചു. മാർച്ചിൽ ഇതുവരെ 15 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയതെന്ന് കൊറോണ വൈറസിന്‍റെ ജനിതക പഠനം നടത്തുന്ന സർക്കാർ ഏജൻസിയായ ഇൻസകോഗ് വ്യക്തമാക്കുന്നു.

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതിന് പിന്നിൽ എക്സ്.ബി.ബി1.16 വകഭേദമാണോയെന്ന് സംശയിക്കുന്നതായി എയിംസ് മുൻ ഡയറക്ടറും കോവിഡ് ടാസ്ക് ഫോഴ്സ് മേധാവിയുമായിരുന്ന ഡോ. രൺദീപ് ഗുലേറിയ പറയുന്നു. പുതിയ വകഭേദം ഗുരുതരമല്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് കേസുകൾ ഒരിടവേളക്ക് ശേഷം വർധിക്കുകയാണ്. ഇന്നലെ 841 പേരാണ് രോഗബാധിതരായി ചികിത്സ തേടിയത്. നാലുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 5,389 ആയി വർധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു.

രാജ്യത്ത് ഇതുവരെ 4.46 കോടി കോവിഡ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന വിവരം. ​ഒരു ദിവസം ശരാശരി ഉണ്ടാകുന്ന പുതിയ കോവിഡ് കേസുകൾ ഫെബ്രുവരിയേക്കാൾ ആറ് മടങ്ങ് വർധിച്ചിരിക്കുകയാണ്. ഫെബ്രുവരി 18 വരെയുള്ള കണക്ക് പ്രകാരം ദിവസേനയുള്ള കോവിഡ് കേസുകളുടെ ശരാശരി 112 ആയിരുന്നെങ്കിൽ മാർച്ച് 18 വരെയുള്ള കണക്കുകൾ പ്രകാരം 626 ആണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe