രാജ്യത്ത് 84 കോടി ജനങ്ങളിലേക്ക് ഇതുവരെ വാക്‌സിന്‍ എത്തിയെന്ന് കേന്ദ്രം

news image
Sep 24, 2021, 1:42 pm IST

ഡല്‍ഹി:  കൊവിഡ് 19 മഹാമാരിയെ ഫലപ്രദമായി ചെറുക്കുന്നതിന് വാക്‌സിന്‍   എന്നതാണ് നിലവില്‍ ലഭ്യമായിട്ടുള്ള ഏക മാര്‍ഗം. കൊവിഡ് വാക്‌സിനേഷന്‍ നടപടികളാകട്ടെ, രാജ്യത്ത് ഇപ്പോഴും പുരോഗമിക്കുകയാണ്.

ഇതുവരെ ആകെ 84 കോടി ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്ന പത്രക്കുറിപ്പില്‍ അറിയിക്കുന്നത്. 84 കോടി എന്നത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരുടെ കണക്കാണ്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ കണക്ക് ഔദ്യോഗികമായി അറിയിക്കപ്പെട്ടിട്ടില്ല എങ്കിലും അത് കുറവ് ശതമാനമാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍ നല്‍കുന്ന സൂചന.

 

72 ലക്ഷത്തി ഇരുപതിനായിരത്തിലധികം ഡോസ് വാക്‌സിനാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിനിയോഗിച്ചതെന്നും ഇതുകൂടി ചേര്‍ക്കുമ്പോള്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 84 കോടി കവിയുമെന്നും കുറിപ്പില്‍ പറയുന്നു. സെപ്തംബര്‍ 24 രാവിലെ ഏഴ് മണി വരെയുള്ള കണക്കാണിതെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം ഉത്തര്‍ പ്രദേശ് ആണെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതുവരെ ഒമ്പത് കോടിയിലധികം പേര്‍ക്ക് ഉത്തര്‍ പ്രദേശില്‍ വാക്‌സിനെത്തിച്ചുവത്രേ. ഏഴ് കോടിയിലധികം പേരുമായി മഹാരാഷ്ട്രയും അഞ്ച് കോടിയിലധികവുമായി മദ്ധ്യപ്രദേശും പിന്നിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുപ്പത്തിരണ്ടായിരത്തിലധികം പേര്‍ രോഗമുക്തരായെന്നും ഇത് ആകെ രോഗമുക്തരായവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിപ്പിച്ചുവെന്നും കുറിപ്പ് വ്യക്തമാക്കുന്നു. അതുപോലെ തന്നെ ആക്ടീവ് കേസുകളുടെ എണ്ണം 2020 മാര്‍ച്ച് മുതലിങ്ങോട്ട് നോക്കിയാല്‍ ആദ്യമായി കുറഞ്ഞിരിക്കുന്നുവെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe