രാജ്യദ്രോഹക്കുറ്റം: സംസ്ഥാനത്ത് 10 വർഷത്തിനിടെ 91 കേസുകൾ

news image
May 14, 2022, 7:56 am IST payyolionline.in

തിരുവനന്തപുരം : സംസ്ഥാനത്തു 10 വർഷത്തിനിടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയത് 91 കേസുകളിൽ. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എസ്‌സിആർബി) കണക്കു പ്രകാരം 2015 മുതൽ 2021 വരെ 63 കേസുകൾ റജിസ്റ്റർ ചെയ്തു. എന്നാൽ, പൊലീസ് ആസ്ഥാനത്തെ കണക്കു പ്രകാരം റജിസ്റ്റർ ചെയ്തത് 41 കേസുകൾ. ഇന്റലിജൻസ് കണക്കു വേറെ. അതു വെളിപ്പെടുത്തില്ലെന്നാണ് ഉന്നതർ പറയുന്നത്.

 

ഏതായാലും എല്ലാ കേസിലും യുഎപിഎയോ മറ്റേതെങ്കിലും വകുപ്പോ കൂടി ചുമത്തിയിട്ടുണ്ട്. അതിനാൽ രാജ്യദ്രോഹക്കേസുകൾ സുപ്രീം കോടതി മരവിപ്പിച്ചെങ്കിലും മറ്റു വകുപ്പുകൾ പ്രകാരമുള്ള കുറ്റം നിലനിൽക്കുന്നതിനാൽ ജയിലിലുള്ളവർക്കു ജാമ്യം ലഭിക്കില്ല. അതിന്റെ തുടർനടപടികൾക്കു തടസ്സമില്ലെന്നും പൊലീസ് വ്യക്തമാക്കി.

 

കേരളത്തിൽ മാവോയിസ്റ്റുകൾക്കെതിരെയാണു കൂടുതൽ കേസുകളിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടൽ, ഭീഷണി, പോസ്റ്റർ ഒട്ടിക്കൽ, ലഘുലേഖ വിതരണം എന്നീ കുറ്റങ്ങൾക്കാണു കേരള പൊലീസ് രാജ്യോദ്രോഹം ചുമത്തിയത്. സുപ്രീം കോടതി വിധി വന്നതോടെ അന്വേഷണം പൂർത്തിയായ കേസുകളിലും രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം നൽകാൻ കഴിയില്ല. രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ടു രാജ്യദ്രോഹക്കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.

എസ്‌സിആർബി കണക്കു പ്രകാരം 2011–14 ൽ 124എ പ്രകാരം 28 കേസ് റജിസ്റ്റർ ചെയ്തു. 2015–21 ൽ 63 കേസെടുത്തു. ഈ വർഷം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിട്ടില്ല. കൂടുതൽ കേസുകൾ വയനാട് (35), മലപ്പുറം (16), കോഴിക്കോട് (14) ജില്ലകളിലാണ്.

ജയിലിൽ 2 പേർ

രാജ്യദ്രോഹക്കുറ്റം (124എ) ചുമത്തപ്പെട്ട് കേരളത്തിലെ ജയിലിൽ കഴിയുന്നതു മാവോയിസ്റ്റുകളായ 2 പേരാണ്– തമിഴ്നാട് സ്വദേശി കൃഷ്ണമൂർത്തി, ആന്ധ്ര സ്വദേശി ചൈതന്യ. ഇരുവരും വിചാരണത്തടവുകാരായി കഴിയുന്നതു വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ. കൃഷ്ണമൂർത്തിക്കെതിരെ 6 കേസുകളിൽ 124എ ചുമത്തിയിട്ടുണ്ട്. ചൈതന്യയ്ക്കെതിരെ 4 കേസുകളിലും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe