ദില്ലി : ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും എംപിമാര്‍ക്ക് സസ്പെൻഷൻ. നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 19 എംപിമാരെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. ഡിഎംകെ എംപി കനിമൊഴി സോമു, തൃണമൂൽ എംപിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ, കേരളത്തിൽ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരിൽ ഉൾപ്പെടുന്നു. മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെൻഷന്റെ കാരണമായി പറയുന്നത്.
ഏഴ് തൃണമൂൽ കോൺഗ്രസ് എംപിമാര്‍, ആറ് ഡിഎംകെ എംപിമാര്‍, മൂന്ന് ടിആര്‍എസ് എംപിമാര്‍, രണ്ട് സിപിഎം എംപിമാര്‍, ഒരു സിപിഐ എംപി എന്നിവര്‍ക്കെതിരെയാണ് നടപടി. സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നടക്കുന്നതിനാൽ പ്രതിപക്ഷത്തെ കോൺഗ്രസ് എംപിമാര്‍ സഭയിൽ ഉണ്ടായിരുന്നില്ല.