രാസവസ്തുക്കൾ ചേർത്തുള്ള അനധികൃത മത്സ്യ വിൽപ്പന; പൂവാർ പള്ളത്തെ ചന്ത അടച്ചുപൂട്ടാൻ വീണ്ടും ഉത്തരവ്

news image
Jul 25, 2022, 5:46 pm IST payyolionline.in

തിരുവനന്തപുരം: പൂവാർ പള്ളത്തെ അനധികൃത ചന്ത അടച്ചുപൂട്ടാൻ വീണ്ടും ഉത്തരവ്. ചന്ത അടച്ചുപൂട്ടാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിട്ടും ഉത്തരവ് നടപ്പിലാക്കാൻ വൈകുന്നതായാണ് ആക്ഷേപം. നേരത്തെയും കോടതി ഉത്തരവ് ഉണ്ടായപ്പോൾ രണ്ടോമൂന്നോ ദിവസം മാത്രം ചന്ത പൂട്ടുകയും തുടർന്ന് പൂർവ്വാധികം ശക്തമായി തുറന്ന് പ്രവർത്തിക്കുകയും ചെയ്തു. ഇതിനെതിരെ പള്ളം സ്വദേശി ആൻഡ്രൂസ് നൽകിയ പരാതിയെത്തുടർന്നാണ് വീണ്ടും ഉത്തരവ്. രാസവസ്തുക്കൾ ചേർത്തുള്ള അനധികൃത മത്സ്യ വിൽപ്പനയാണ് പള്ളത്ത് നടക്കുന്നതെന്നാണ് ആക്ഷേപം. ഇതര സംസ്ഥാന ലോബികളാണ് പള്ളത്തെ മീൻവിപണി കീഴടക്കുന്നത്.

ഇവിടെ എത്തിക്കുന്ന മീനുകളിൽ യാതൊരു പരിശോധനകളും നടത്തുന്നില്ല. പൂവാർ, പുതിയതുറ, പുല്ലുവിള, പള്ളം തുടങ്ങിയ തീരദേശത്തുനിന്നാണ് ജില്ലയുടെ പലഭാഗത്തും മീൻ എത്തിക്കുന്നത്. ഇതിൽ പള്ളത്തുനിന്ന് എത്തിക്കുന്ന മത്സ്യങ്ങളിൽ ഭൂരിഭാഗവും മറ്റു സംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്നവയാണ്. പള്ളത്തിനു സമീപം കടൽതീരത്തോട് ചേർന്നുള്ള മത്സ്യ-മൊത്ത വിപണന കേന്ദ്രത്തിലാണ് ഇതരസംസ്ഥാന മത്സ്യലോബികൾ മീനെത്തിക്കുന്നത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ദിവസവും 250- ൽ അധികം ലോറികൾ ഇവിടെ മീനെത്തിക്കുന്നുണ്ട്. അതിര്‍ത്തിയിലെയും സംസ്ഥാനത്തെയും ചെക്ക് പോസ്റ്റുകളില്‍ യാതൊരു പരിശോധനകൾക്ക് വിധേയമാക്കാതെയാണ് ഇവിടെ മീൻ എത്തിക്കുന്നത്. ഇതിനായി ഗുണ്ടാസംഘങ്ങൾ വരെ പ്രവർത്തിക്കുന്നുണ്ട്.

പ്രദേശത്തെ ഒരുവിഭാഗം മത്സ്യവിൽപ്പനക്കാർ ഇവരിൽ നിന്ന് മത്സ്യം വാങ്ങിയാണ് വിൽപ്പന. കടലിൽ നിന്ന് പിടിച്ചെടുത്ത മീനെന്ന പേരിലാണ് മത്സ്യവിൽപ്പന. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ദിവസങ്ങളോളം റോഡ് മാഗ്ഗം ഇവിടെ എത്തിക്കുന്ന മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാനോ രാസവസ്തുക്കളുടെ അളവ് നോക്കാനോ സംവിധാനങ്ങളില്ല. മീൻ കേടാകാതിരിക്കാൻ അമോണിയ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി നേരത്തെതന്നെ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പള്ളത്തെ അനധികൃത മാർക്കറ്റ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കൊണ്ടാണ് ഉത്തരവ്. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, കാഞ്ഞിരംകുളം പോലീസ്, കരുംകുളം പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

കരുംകുളം പഞ്ചായത്തിലെ പള്ളം തീരദേശത്ത് പ്രവർത്തിക്കുന്ന മത്സ്യമാർക്കറ്റിന് പഞ്ചായത്ത് ലൈസൻസോ, ഫുഡ് ആന്റ് സേഫ്റ്റി, പൊല്യൂഷൻ സർട്ടിഫിക്കറ്റ് യാതൊന്നുമില്ലാതെയാണ് ചന്തയുടെ പ്രവർത്തനം. കടൽ തീരത്തിനടുത്തായി തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മാണം നടത്തിയാണ് മത്സ്യ കച്ചവടം. ഇവിടെ എത്തിക്കുന്ന മത്സ്യത്തിൽ ശവശരീരം കേട് കൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ തുടങ്ങിയ രാസവസ്തുക്കൾ ചേർത്താണ് കൊണ്ടുവരുന്നതെന്ന് വ്യാപകമായ പരാതിയുണ്ട്. ഇവിടെ ലേലത്തിൽ വിൽക്കുന്ന മീൻ മൊത്തവ്യാപാരിയും ചെറുകിട വ്യാപാരികളും വാങ്ങിയ ശേഷം ഐസ് ചേർത്ത് ജില്ലയുടെ വിവിധ പ്രദേശങ്ങളിലും ചന്തകളിലും എത്തിച്ച് കച്ചവടം നടത്തും. ഇവിടെ ഉപേക്ഷിക്കുന്ന മാലിന്യം, മലിനജലം എന്നിവയിൽ നിന്നുള്ള ദുർഗന്ധം കാരണം നാട്ടുകാരും ബുദ്ധിമുട്ടിലാണ്. എന്നാൽ ഉത്തരവിനെത്തുടർന്ന് ചന്തക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe