ദില്ലി: അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാൻ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചിച്ച് കോൺഗ്രസ്. നിയമവിദഗ്ധരുടെ സംഘം യോഗം ചേർന്ന് ഇക്കാര്യം തീരുമാനിക്കും. വയനാടിൻറെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും നിയമോപദേശം തേടും. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇടക്കാല സംരക്ഷണം നൽകാൻ ഹൈക്കോടതി തയ്യാറായിരുന്നില്ല. കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി വേനലവധിക്ക് ശേഷമാണ് വിധി പറയുക. അതുവരെ ഇടക്കാല സംരക്ഷണം വേണമെന്ന് രാഹുലിനായി അഡ്വക്കേറ്റ് മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുന്നത്.
നേരത്തെ ശിക്ഷ ഇളവ് തേടി ആദ്യം സമീപിച്ച സെഷൻസ് കോടതി ജാമ്യം നൽകിയെങ്കിലും കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തിരുന്നില്ല. കുറ്റക്കാരൻ എന്ന വിധി സ്റ്റേ ചെയ്താൽ മാത്രമേ രാഹുൽ ഗാന്ധിക്ക് പാർലമെന്റിലേക്ക് തിരിച്ചെത്താൻ സാധിക്കുകയുള്ളു. തുടർന്നാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ ആദ്യം ഒരു ജഡ്ജി പിന്മാറി. പിന്നീട് ജസ്റ്റിസ് ഹേമന്ദ് പ്രചാക് രണ്ട് ദിവസം വാദം കേട്ടു. തുടർന്ന് വിധി പിന്നീട് പറയാമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
അദ്ദേഹം വിദേശത്തേക്ക് പോകന്നതിനാലായിരുന്നു ഇത്. അതോടൊപ്പം ഗുജറാത്ത് ഹൈക്കോടതി നാളെ അടയ്ക്കുകയാണ്. ഒരു മാസത്തിന് ശേഷം ജൂൺ മൂന്നിന് ഇനി കോടതി തുറക്കുക. ഈ സമയത്ത് മാത്രമേ വിധി പ്രസ്താവിക്കാൻ സാധിക്കൂ എന്നായിരുന്നു ജഡ്ജി അറിയിച്ചത്. ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നൽകുന്നതിൽ കടുംപിടിത്തം പാടില്ലെന്നുമാണ് രാഹുലിനായി ഹാജരായ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു. എന്നാൽ പ്രസ്താവനകൾ നടത്തുമ്പോൾ രാഹുല്‍ ഗാന്ധിയും തന്‍റെ സ്ഥാനം മറക്കരുതെന്ന് കോടതി വാക്കാൽ പരാമർശിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ പോകാൻ സാധ്യതയുണ്ടോ എന്ന കാര്യം കോൺഗ്രസ് പരിശോധിക്കുന്നത്. ഇടക്കാല ഉത്തരവ് നേടാൻ സാധിക്കുമോ എന്നതായിരിക്കും കോൺഗ്രസ് ശ്രമം. നിയമ സംഘം ആലോചിച്ച് റിപ്പോർട്ട് മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കൈമാറും. തുടർന്നായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. എന്നാൽ സുപ്രീംകോടതിയും 20-ന് അടയക്കുന്ന സാഹചര്യമുണ്ട്. തിടുക്കപ്പെട്ട് സുപ്രീംകോടതിയിൽ നിന്നൊരു തീരുമാനം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം വയനാട്ടിൽ ഒഴിഞ്ഞു കിടക്കുന്ന എംപി സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും നിയമോപദേശം തേടും. കോടതി നടപടികൾ കൂടി പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഗുജറാത്ത് ഹൈക്കോടതി കേസ് വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ, അതിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കുക എന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ അടുത്ത ആഴ്ചയോടെ സ്ഥിരീകരണം ഉണ്ടാകുമെന്നാണ് വിവരം.