രൺജിത്ത് കൊലക്കേസ്: പ്രതികളുടെ മാനസിക നില പരിശോധിക്കാൻ പൊലീസ്; ശിക്ഷാവിധിക്ക് മുന്നോടിയായി നടപടി

news image
Jan 23, 2024, 5:50 am GMT+0000 payyolionline.in
ആലപ്പുഴ: ആലപ്പുഴ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസൻ വധക്കേസില്‍ പ്രതികളുടെ മാനസിക നില പരിശോധിക്കാൻ പൊലീസ്. പരിശോധനക്കായി പ്രതികളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കോടതി നിർദ്ദേശപ്രകാരമാണ് നടപടി. പ്രതികൾക്ക് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് മാനസിക നില പരിശോധന നടത്തുന്നത്.

അതേ സമയം, വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കരുതെന്നും രഞ്ജിത്തിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്നും ആയിരുന്നു പ്രതിഭാ​ഗത്തിന്റെ വാദം.  ഷാനെ കൊന്നതിന്‍റെ സ്വഭാവിക പ്രതികരണം മാത്രമാണെന്നും അതുകൊണ്ട് ക്രിമിനൽ ഗൂഢാലോചന നിലനിൽക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ സാധാരണമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. പ്രതികളുടെ പ്രായം, കുടുംബം, പശ്ചാത്തലം എല്ലാം പരിഗണിച്ച് ശിക്ഷ ഇളവ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതികളെ ഓൺലൈനായിട്ടാണ് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയത്.

ഈ വരുന്ന 25ന് വീണ്ടും വാദം തുടരും. അന്ന് പ്രതികള്‍ക്ക് പറയാനുള്ളത് കോടതി നേരിട്ട് കേള്‍ക്കും. ഇതിന് ശേഷമാകും ശിക്ഷവിധിയുടെ തീയതി തീരുമാനിക്കുക. പ്രതികൾക്ക് എന്ത് ശിക്ഷ നൽകണമെന്ന കാര്യത്തിൽ പ്രതിഭാഗത്തിന്‍റെ വാദമാണ് ഇപ്പോൾ നടന്നത്. ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷൻ്റ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. നിഷ്ഠൂരമായ കൊലപാതകത്തിൻ്റെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റ വാദം. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe