റംബാനിൽ തുരങ്കം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി; രക്ഷാപ്രവർത്തനം തുടരുന്നു

news image
May 21, 2022, 3:44 pm IST payyolionline.in

ജമ്മു കശ്മീർ: റംബാനിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. 6 തൊഴിലാളികൾ തുരങ്കത്തിനകത്ത് കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) 15-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ഇവരെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. പശ്ചിമ ബംഗാൾ, അസം, നേപ്പാൾ സ്വദേശികളും പ്രദേശവാസികളുമാണ് അപകടത്തിൽപ്പെട്ടത്.

വ്യാഴാഴ്ച രാത്രി 10:15 ഓടെയാണ് തുരങ്കം തകർന്നത്. മണ്ണിടിച്ചിലിൽ നിർമാണത്തിന് ഉപയോഗിച്ചിരുന്ന നിരവധി ട്രക്കുകളും എക്‌സ്‌കവേറ്ററുകളും മറ്റ് വാഹനങ്ങളും പൂർണമായും തകർന്നു. പരിക്കേറ്റ മൂന്ന് തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. തുരങ്കത്തിന്റെ പ്രവേശന കവാടത്തിന് 30 മീറ്റർ ഉള്ളിലേക്ക് മാറിയുള്ള ഭാഗമാണ് തകർന്നുവീണത്. ജമ്മു ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽ പതിവായതിനാൽ ഗതാഗതതടസ്സം ഒഴിവാക്കാൻ ലക്ഷ്യമിട്ട് നിർമിച്ച തുരങ്കമാണ് നിർമാണത്തിനിടെ തകർന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe