റബര്‍ വില താഴോട്ട്- കര്‍ഷകര്‍ ആശങ്കയില്‍

news image
Oct 17, 2013, 1:23 pm IST payyolionline.in
കൊച്ചി:കര്‍ഷകരെ പ്രതിസന്ധിയിലാക്കി ററിന്‍റെ വില താഴോട്ട്. 2011 ല്‍ കിലോഗ്രാമിന് 240 രൂപയുണ്ടായിരുന്ന റബ്ബറിന്‍റെ വില ഇപ്പോള്‍ 164ന് താഴെയാണ്. സീസണില്‍ 187 രൂപവരെ ഉണ്ടായ വിലയാണ് 164-ല്‍ താഴെ കൂപ്പുകുത്തുന്നത്. ശക്തമായ ടയര്‍ ലോബിയുടെ ഇടപെടലാണ് വില കുത്തനെ ഇടിയാന്‍ കാരണം. ഇന്നലെ കൊച്ചിയില്‍ റബറിന് ക്വിന്‍റലിന് 16400 രൂപയായിരുന്നു വില.

ലോട്ട് റബറിന് തരംതിരിക്കാത്തതിന് 148 രൂപ മുതല്‍ 151 രൂപ വരെയാണ് മാര്‍ക്കറ്റ് വില ലഭിക്കുന്നത്. ലോകവിപണിക്കാനുപാതികമായി റബറിന് വില ഉയരാത്തതും രാജ്യാന്തര വിപണിയേക്കാള്‍ ക്രമാനുഗതമായി വില കുറയുന്നതുമാണ് കര്‍ഷകരെ വലയ്ക്കുന്നത്. റബര്‍ പാല്‍ ഷീറ്റാക്കുന്നതിനുളള ആസിഡിന്‍റെയും വളത്തിന്‍റെയും വില മുന്‍വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടിയോളം വര്‍ദ്ധിച്ചതിന്‍റെ ഭാഗമായി 1 കിലോ റബര്‍ പാല്‍ ഷീറ്റാക്കി മാറ്റാന്‍ റബ്ബര്‍ കര്‍ഷകന് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഇന്നത്തെ റബറിന്‍റെ മാര്‍ക്കറ്റ് വിലയനുസരിച്ച് ടാപ്പിംങ് കൂലിയും മറ്റ് അനുബന്ധ ചിലവുകളും കഴിച്ച് റബര്‍ കര്‍ഷകന് റബര്‍ കാര്‍ഷിക വൃത്തിയില്‍ നിന്നും മുതല്‍ പോലും തിരിച്ചു കിട്ടാത്ത അവസ്ഥയാണുളളതെന്നാണ് മലയോര റബര്‍ കര്‍ഷകന്‍റെ ദീനവിലാപം. ഒന്നും രണ്ടും ഏക്കറിനും ഇതിന് താഴെയുളള റബര്‍ കര്‍ഷകരെയാണ് ഈ പ്രതിസന്ധി ഭൂരിഭാഗവും ബാധിക്കുന്നത്. റബര്‍ ബോര്‍ഡിന്‍റെ കണക്കനുസരിച്ച് 100 മരത്തിന് 10 ഷീറ്റെന്ന് കണക്കനുസരിച്ച് നിലവിലുളള കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമായി 90% കര്‍ഷകര്‍ക്കും വിളവെടുക്കാന്‍ സാധിക്കുന്നില്ല. 5 മുതല്‍ ശരാശരി 7 ഷീറ്റ് വരെയാണ് ഈ ആനുപാതിക കണക്കനുസരിച്ച് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതു പ്രകാരം 7500 രൂപ പ്രതിമാസം വരുമാനം ലഭിച്ചാല്‍ 3000 രൂപയോളം കൂലിയും മറ്റനുബന്ധ ചിലവുകളും കഴിച്ചാല്‍ 2800 ഓളം രൂപയാണ് പരമാവധി കര്‍ഷകന് ലഭിക്കുന്ന വരുമാനം. 2 വര്‍ഷം മുമ്പ് പ്രതിമാസം 10000 മുതല്‍ ഇരുപതിനായിരം രൂപ വരെ വരുമാനം ലഭിച്ചിരുന്ന കര്‍ഷകര്‍ക്കാണ് വിലയിടിവിന്‍റെ ഭാഗമായി വരുമാനം കുത്തനെ ഇടിഞ്ഞ് റബര്‍ കൃഷിക്ക് പോലും ഭീഷണിയായി മാറിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശര്‍മ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വ്യാവസായിക മന്ത്രിമാരുടെ സംയുക്ത യോഗത്തില്‍ ഇറക്കുമതി തീരുവ നിലവിലുളളതില്‍ നിന്ന് ഇരട്ടിയായി ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുളള പ്രഖ്യാപനങ്ങല്‍ നടത്തിയിരുന്നു. എന്നാല്‍ രാജ്യാന്തരമായി പ്രവര്‍ത്തിക്കുന്ന വന്‍കിട റബ്ബര്‍ ലോബികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം നടപ്പിലാക്കാതെ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണമുണ്ട്. ടയര്‍ ലോബിയുടെ ഇടപെടല്‍ മൂലം രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു കിലോ റബറിന്‍റെ വിലയില്‍ 24 രൂപയുടെ വിത്യാസമാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിലയും ആഭ്യന്തര വിലയും തമ്മിലുള്ള അന്തരവും കുറഞ്ഞുവരികയാണ്. രണ്ടു മാസത്തിനുള്ളില്‍ റബറിന്‍റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചില്ലെങ്കില്‍ വിപണിയില്‍ റബറിന്‍റെ വില കുത്തനെ ഇടിയും. ഇതോടെ റബര്‍ കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe