റബറിന്‌ സ്വന്തം വിലയുമായി ടയര്‍ലോബി

news image
Nov 28, 2013, 1:59 pm IST payyolionline.in

കോട്ടയം: അന്താരാഷ്‌ട്ര വിലയും ആഭ്യന്തരവിലയും അട്ടിമറിച്ച്‌ സ്വന്തം വിലയുമായി ടയര്‍ലോബി. അനുദിനം നിലംപതിക്കുന്ന റബര്‍ വില വീണ്ടും കുറയ്‌ക്കാനുളള ശ്രമങ്ങളുടെ ഭാഗമായാണ്‌ ടയര്‍ കമ്പനികളുടെ പുതിയ നീക്കം.

നീക്കം ഫലം കണ്ടുതുടങ്ങിയതിന്റെ ഭാഗമായി റബര്‍ വിലയില്‍ ഒരാഴ്‌ചകൊണ്ട്‌ ഒമ്പതു രൂപയുടെ ഇടിവുണ്ടായി. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തിയിരിക്കുകയാണ്‌. ഇന്നലെ കോട്ടയം മാര്‍ക്കറ്റില്‍ ഒരു കിലോ ആര്‍.എസ്‌.എസ്‌. ഗ്രേഡ്‌ റബറിന്റെ വില 150 രൂപയാണ്‌. രാവിലെ 149 രൂപയായിരുന്ന വില ഉച്ചകഴിഞ്ഞപ്പോള്‍ 150 രൂപയിലെത്തുകയായിരുന്നു. എന്നാല്‍, കാര്യമായ പ്രതീക്ഷ വേണ്ടെന്നും വിലയില്‍ കുറവുണ്ടാകാനുള്ള സാധ്യതയാണ്‌ നിലനില്‍ക്കുന്നതെന്നുമാണ്‌ വിപണിയില്‍ നിന്നു ലഭിക്കുന്ന വിവരം.

അന്താരാഷ്‌ട്ര- ആഭ്യന്തര വിപണികള്‍ തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നതാണ്‌ പ്രതീക്ഷകള്‍ അസ്‌തമിക്കാന്‍ കാരണം. ഇന്നലെ ടോക്കിയോ മാര്‍ക്കറ്റിലെ വില 154 രൂപയാണ്‌.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പല പ്രമുഖ ടയര്‍ കമ്പനികളും ഭീഷണിയുടെ സ്വരത്തിലാണ്‌ ചെറുകിട വ്യാപാരികളോട്‌ ഇടപെടുന്നതത്രെ. തങ്ങള്‍ നിശ്‌ചയിക്കുന്ന വിലയ്‌ക്ക്‌ നല്‍കാന്‍ തയാറാണെങ്കില്‍ മാത്രം റബര്‍ നല്‍കിയാല്‍ മതിയെന്നാണത്രെ ഇവരുടെ നിലപാട്‌. വാങ്ങിവച്ചിരിക്കുന്ന റബര്‍ ലഭിക്കുന്ന വിലയ്‌ക്കു വിറ്റഴിക്കുക മാത്രമാണ്‌ പോംവഴിയെന്നതിനാല്‍ കമ്പനികള്‍ പറയുന്ന വിലയ്‌ക്കു വ്യാപാരികള്‍ വില്‍ക്കുന്നു. തങ്ങള്‍ പറയുന്ന വിലയ്‌ക്കു നല്‍കാന്‍ തയാറായില്ലെങ്കില്‍ വിപണിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന സമീപനമാണ്‌ വ്യാപാരികളുടേത്‌.

റബറിനേക്കാള്‍ ശ്രദ്ധ നേടുന്ന വിഷയമായതിനാല്‍ രാഷ്‌ട്രീയ കക്ഷികള്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിലേക്ക്‌ ശ്രദ്ധയൂന്നിയതോടെ റബര്‍ കര്‍ഷകരുടെ കാര്യം അവതാളത്തിലായി. മാധ്യമശ്രദ്ധയ്‌ക്കും കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുമായി ഒരു മാസം മുമ്പ്‌ സമരകോലാഹലങ്ങള്‍ നടത്തിയ രാഷ്‌ട്രീയക്കാരെയൊന്നും ഇപ്പോള്‍ കാണാനേയില്ലെന്ന്‌ കര്‍ഷകര്‍ പറയുന്നു.

റബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുളള തീരുമാനം കേന്ദ്രമന്ത്രിമാര്‍ ആവര്‍ത്തിച്ചുപ്രഖ്യാപിക്കുന്നതല്ലാതെ നടപടികളൊന്നുമുണ്ടാകുന്നില്ല. ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്നു35 ലേക്ക്‌ ഉയര്‍ത്താനുള്ള ഉത്തരവില്‍ കേന്ദ്രവാണിജ്യമന്ത്രി ഒപ്പുവച്ചിട്ട്‌ നാളെ ഒമ്പതു മാസം തികയുമ്പോഴും ഉത്തരവു ധനമന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണ്‌. ഇതിനിടെ ഉത്തരവ്‌ അനിശ്‌ചിതകാലത്തേക്ക്‌ മരവിപ്പിക്കാനുളള നീക്കവും നടക്കുന്നുണ്ടത്രെ. തീരുവ വിഷയത്തിലെ അനിശ്‌ചിതത്വം മുതലെടുത്ത്‌ രണ്ടാംഘട്ട ഇറക്കുമതിക്കൊരുങ്ങുകയാണ്‌ ടയര്‍ലോബി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe