റിസര്‍വ് ബാങ്ക് ചെങ്കോട്ടയ്ക്ക് നല്‍കുന്ന സന്ദേശം

news image
Oct 30, 2013, 2:03 pm IST payyolionline.in

നിരീക്ഷകരെയും പ്രവചനക്കാരെയും ശരിവച്ച് കൊണ്ട് റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കൂട്ടിയിരിക്കുന്നു. അതേസമയം എംഎസ്എഫ് നിരക്ക് കുറച്ചു. കഴിഞ്ഞ ദിവസം പുറത്ത് വന്ന മാക്രോ ഇക്കണോമിക് റിവ്യൂ പുറത്ത് വന്നപ്പോള്‍ തന്നെ ഇത്തരത്തിലുളള നിഗമനങ്ങള്‍ പ്രചരിച്ചിരുന്നു.

മൊത്തവിപണിയ്ക്കും ചില്ലറവിപണിയ്ക്കുമപ്പുറം ധനസ്ഥിരത നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ രൂപയെ ശക്തമാക്കുക എന്ന റിസര്‍വ് ബാങ്കിന്റെ നയമാണ് രഘുറാം രാജന്‍ തന്റെ ഈ പ്രവൃത്തിയിലൂടെ വ്യക്തമാക്കുന്നത്. പണപ്പെരുപ്പത്തിന്റെ അപകടം തേ അളവിലും അനുപാതത്തിലും നിലനില്‍ക്കുമെന്ന ശക്തമായ സന്ദേശം നല്‍കുന്ന രഘുറാം രാജന്റെ ഈ നടപടി കുത്തകമുതലാളിമാരെപ്പോലും അത്ഭുതപ്പെടുത്തുന്നുണ്ട്.
സെപ്തംബറില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ ്അവരോധിതനായ രഘുറാം രാജനില്‍ ഏറെ പ്രതീക്ഷകളാണ് ഇന്ത്യ പുലര്‍ത്തിയിരുന്നത്. അതേസമയം തന്റെ രണ്ടാംപാദ അവലോകനത്തില്‍ തന്നെ ധനസ്ഥിതി സ്ഥിരമാക്കാനുളള നടപടികളാണ് അദ്ദേഹം കൈക്കൊണ്ടത്. രൂപയുടെ മൂല്യം പിടിച്ച് നിര്‍ത്താന്‍ വേണ്ട നടപടികള്‍ കൈക്കൊളളുമെന്ന കാര്യം രഘുറാം രാജന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ എംഎസ്എഫ് നിരക്ക് കുറച്ചും റിപ്പോ നിരക്ക് കൂട്ടിയും രൂപയുടെ മൂല്യം പിടിച്ച് നിര്‍ത്താനുളള ശ്രമങ്ങള്‍ക്ക് തുടക്കമിടുകയാണ് രാജന്‍. പണപ്പെരുപ്പത്തിന് തടയിടാനും ഇത്തരം നയങ്ങള്‍സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ധനവിലയുടെ കുതിപ്പും തടയാന്‍ പുതിയ നയം സഹായിച്ചേക്കും. അതേസമയം പണപ്പെരുപ്പം വളര്‍ച്ചാനിരക്കിന് വന്‍ ഭീഷണിയായി തുടരുകയാണെന്ന കാര്യവും റിസര്‍വ് ബാങ്ക് അടിവരയിട്ട് ഓര്‍മിപ്പിക്കുന്നു. അതുകൊണ്ട് തന്നെയാണ് വാര്‍ഷിക വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തിലേക്ക് കുറച്ചതും. അധികമായി ലഭിക്കുന്ന പലിശ രാജ്യത്തെ വിലസ്ഥിരതയ്ക്കുപയോഗിക്കാമെന്നും കണക്ക്കൂട്ടുന്നു.
വിപണിയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പാക്കുകയാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. റിപ്പോ നിരക്കിലുണ്ടായ വര്‍ദ്ധന ബാങ്കുകളുടെ ചോദനയും ബാധ്യതയും പെട്ടെന്ന് തന്നെ വര്‍ദ്ധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ബാങ്കുകളുടെ ക്രെഡിറ്റ് നിലവാരവും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ധനവിപണി ശാന്തമാകുമെങ്കിലും സമ്പദ്ഘടനയിലുണ്ടാകാനിടയുളള വെല്ലുവിളികളെക്കുറിച്ച് ജാഗ്രത വേണമെന്ന് രാജന്‍ ഓര്‍മിക്കുന്നുണ്ട്. അമേരിക്ക ഉത്തേജക പാക്കേജുകള്‍ പിന്‍വലിക്കാനിടയായ സാഹചര്യം രാജന്‍ വിശദീകരിച്ചു. പാരിസ്ഥിതിക ഘടകങ്ങള്‍ മാറാതെ സാമ്പത്തിക രംഗത്ത് അടിയന്തരമായുണ്ടാകുന്ന മാറ്റം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും രാജന്‍ ചൂണ്ടിക്കാട്ടുന്നു. കയറ്റുമതിരംഗത്ത് വര്‍ദ്ധനയുണ്ടാകുന്നതോടൊപ്പം എണ്ണയിറക്കുമതി രംഗത്തെചോദനവാണിജ്യ കമ്മിയുണ്ടാക്കുമെന്നും റിസര്‍വ് ബാങ്ക് കൂടുതല്‍ ജാഗരൂകമാകണമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എണ്ണക്കമ്പനികള്‍ക്ക് അമേരിക്കന്‍ഡോളറിനോടുളള പ്രിയം ഇന്ത്യന്‍ കറന്‍സിയ്ക്ക് തിരിച്ചടിയാകുന്നതും ഇവിടെയാണ്. ഇക്കാര്യം രഘുറാം രാജനും സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രൂപയുടെ മൂല്യം തിരിച്ച് പിടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഭക്ഷ്യ – ഇന്ധനവിലക്കയറ്റത്തിനൊപ്പം നാണ്യപ്പെരുപ്പവും നിയന്ത്രിച്ചേ മതിയാകൂ. അതേസമയം ഭക്ഷ്യവിലപ്പെരുപ്പം ഖാരിഫ് വിളവെടുപ്പോടെ കുറയുമെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. നാണ്യപ്പെരുപ്പം ഒമ്പത് ശതമാനമോ അതില്‍ക്കൂടുതലോ ആകാമെന്നും റിസര്‍വ് ബാങ്ക് കണക്ക് കൂട്ടുന്നു.
നയങ്ങളിലും വെല്ലുവിളികളിലും മാത്രം ശ്രദ്ധയൂന്നാതെ ഭാവിയെക്കൂടി കണക്കിലെടുത്ത് വേണം രഘുറാം രാജന്‍ പ്രവര്‍ത്തിക്കാന്‍. പണവിപണിയെ ശക്തിപ്പെടുത്താനുളള ശ്രമത്തിനൊപ്പം ഇക്കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
നയരൂപീകരണം സാധാരണ നിലയിലാക്കുക എന്ന സന്ദേശമാണ് രാജന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നത്. ജനങ്ങളുടെ കയ്യടി നേടാനും വോട്ട് ബാങ്കും ലക്ഷ്യമിട്ട് കൊണ്ട് കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ക്കും എന്ന ശക്തമായ സന്ദേശം. പെട്ടെന്ന് വില പിടിച്ച് നിര്‍ത്താതെ രൂപയെ ശക്തിപ്പെടുത്തി വിലക്കയറ്റം കുറേശെ കുറേശയായി സാധാരണ നിലയിലേക്ക് എത്തിക്കാനാണ് രാജന്റെ ശ്രമം. അങ്ങ് ചെങ്കോട്ടയിലിരിക്കുന്നവര്‍ക്കും ഇത് തന്നെയാണ് നല്ലതെന്ന് വൈകാതെ മനസിലാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe