റേഷൻ –ആധാർ ബന്ധിപ്പിക്കൽ: 1.5 ലക്ഷം പേർ കൂടി ബാക്കി

news image
Sep 22, 2022, 4:21 am GMT+0000 payyolionline.in

തിരുവനന്തപുരം∙ സംസ്ഥാനത്തെ റേഷൻ കാർഡ് അംഗങ്ങളായ 92.88 ലക്ഷം പേരിൽ ഒന്നര ലക്ഷം പേർ കൂടി ബയോമെട്രിക് വിവരങ്ങൾ ബന്ധിപ്പിച്ചാൽ റേഷൻ–ആധാർ കാർഡുകൾ തമ്മിലെ ബന്ധം പൂർണമാകും. ഡിസംബറോടെ റേഷൻ – ആധാർ ബന്ധിപ്പിക്കൽ സമ്പൂർണമാക്കി പ്രഖ്യാപനം നടത്താൻ ഒരുങ്ങുകയാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്.

ആകെയുള്ള റേഷൻ കാർഡുകളിലെ 3.54 കോടി അംഗങ്ങളിൽ 3.52 കോടി പേർ (99.57%) ആധാർ ബന്ധിപ്പിച്ചു. കൊല്ലം, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ 100% പൂർത്തിയായി. പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകൾ നൂറു ശതമാനത്തിനു തൊട്ടരികിലും. മുൻഗണനാ വിഭാഗം പിങ്ക് കാർഡിലെ മുഴുവൻ അംഗങ്ങളും (35.13 ലക്ഷം) ആധാറുമായി ബന്ധിപ്പിച്ചു.

ഇതേ വിഭാഗത്തിലെ തന്നെ മഞ്ഞ കാർഡിൽ 99.94% ആയി. മുൻഗണനേതര വിഭാഗത്തിലെ നീല കാർഡിൽ 99.60%, വെള്ള 98.94%, ബ്രൗൺ 99.57% എന്നിങ്ങനെയാണ് ആധാർ ബന്ധിപ്പിച്ച അംഗങ്ങളുടെ ശതമാനം.

മൂന്നു വർഷം മുൻപു തന്നെ കാർ‍ഡ് ഉടമകളിൽ 99% ആധാറുമായി ലിങ്ക് ചെയ്തിരുന്നുവെങ്കിലും അംഗങ്ങളിൽ ഇതിനു തയാറായത് 85% മാത്രമായിരുന്നു. കേന്ദ്ര നിർദേശപ്രകാരം നടപടികൾ ഊർജിതമാക്കിയതോടെ വേഗം കൂടി.

ആധാറുമായി ലിങ്ക് ചെയ്യാത്ത കാർഡ് ഉടമകൾക്കു സാധനങ്ങൾ ലഭിക്കില്ലെന്നു വന്നതും കോവിഡ് കാലത്തെ കിറ്റ് വിതരണവും ബന്ധിപ്പിക്കാൻ പ്രേരണയായി.

വിവിധ കാരണങ്ങളാൽ ആധാർ എടുക്കാനാവാത്ത കിടപ്പു രോഗികൾ, ഭിന്നശേഷിക്കാർ, ബയോമെട്രിക് രേഖകൾ തെളിയാത്തവർ എന്നിവർക്കു ചില ഇളവുകൾ ഉണ്ടെന്നു മാത്രം.

റേഷൻ കടയിലെ ഇ–പോസ് മെഷീനിൽ വിരൽ പതിപ്പിച്ചും സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടൽ വഴിയും ആധാർ ബന്ധിപ്പിക്കാം.

അതേസമയം, ആധാർ ബന്ധിപ്പിക്കൽ നടപടികൾ നൂറു ശതമാനത്തിലേക്കു കടന്നതോടെ അനർഹരായ പതിനായിരത്തോളം മുൻഗണനാ കാർഡ് അംഗങ്ങളെ ഈയിടെ കണ്ടെത്തിയിട്ടുണ്ട്.

ആധാർ സീഡ് ചെയ്യാത്ത റേഷൻ കാർഡ് ദുരുപയോഗം ചെയ്തു സാധനങ്ങൾ സ്വമേധയാ കൈപ്പറ്റിയ നെടുമങ്ങാട് താലൂക്കിലെ ഉൾപ്പെടെ ചില റേഷൻ ലൈസൻസികളുടെ അംഗീകാരവും താൽക്കാലികമായി റദ്ദാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe