കുട്ടനാട്: പൊതുശ്മശാനത്തിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ സാധാരണക്കാരായ നാട്ടുകാര്‍ ബുദ്ധിമുട്ടില്‍. കഴിഞ്ഞ ദിവസം വാഹന അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ മൃതദേഹം വള്ളത്തിൽ എത്തിച്ച് ശ്മശാനത്തിൽ സംസ്കരിച്ചത്. ദേശീയ പാതയിൽ പുറക്കാട് ജംഗ്ഷന് സമീപം ലോറിയുടെ പിന്നിൽ ഇരുചക്ര വാഹനമിടിച്ച് മരിച്ച എടത്വാ പഞ്ചായത്ത് 11-ാം വാർഡ് വേണാട് വീട്ടിൽ പി. വി. സന്തോഷ്, ഓമന ദമ്പതികളുടെ മകൻ അഭിജിത്തിന്റെ(23) മൃതദേഹമാണ് വള്ളത്തിൽ ശ്മശാനത്തിൽ എത്തിച്ച് സംസ്കരിക്കേണ്ട അവസ്ഥ നേരിട്ടത്.
എടത്വാ പഞ്ചായത്ത് 10-ാം വാർഡിൽ മുണ്ടുതോട് – പോളേത്തുരുത്ത് പാടത്താണ് 25 ഓളം സമുദായങ്ങളുടെ പൊതു ശ്മാനമുള്ളത്. 3000 ലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന പാടത്തെ ശ്മശാനത്തിലേക്ക് എത്താൻ പക്ഷേ റോഡ് സൗകര്യമില്ല. കഴിഞ്ഞ മാസം ഈ റോഡിലെ കലുങ്ക് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും 700 മീറ്ററോളം നീളത്തിൽ റോഡ് നിർമ്മിച്ചാൽ മാത്രമേ ശ്മശാനങ്ങളിൽ എത്താൻ കഴിയൂ. വിവിധ സമുദായങ്ങളുടെ 25 ഓളം ശ്മശാനങ്ങൾ ആണ് ഇവിടെയുള്ളത്. അവർ എല്ലാവരും ഇവിടെ എത്തിച്ചാണ് മൃതദേഹം സംസ്കരിക്കാറുള്ളത്. പ്രദേശവാസികളൾ മന്ത്രി, എം പി, എംഎൽഎ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെ പരാതി നൽകിയിട്ടും ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് ആരോപണം.
വേനൽ കാലങ്ങളിൽ പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശത്ത് വർഷകാലം എത്തിയാൽ കനത്ത ദുരിതമാണ് നേരിടുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന സമുദായങ്ങളുടെ ശ്മശാനമായതിനാൽ സ്വന്തമായി റോഡ് നിർമ്മിക്കാനും കഴിയുന്നില്ല. സർക്കാർ കനിയുന്നതും കാത്തിരിക്കേണ്ട അവസ്ഥയിലാണ് മേഖലയിലെ വിവിധ സമുദായങ്ങൾ. വെള്ളപൊക്ക സീസണിൽ മ്യതദേഹം സംസ്കരിക്കാൻ കഴിയാതെ മോർച്ചറിയിൽ സൂക്ഷിക്കേണ്ട അവസ്ഥയും നേരത്തെ ഉണ്ടായിട്ടുണ്ട്. സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത അവസ്ഥയാണ് മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കേണ്ടി വരുന്നത്.
മഴക്കാല സീസൺ ആരംഭിക്കുന്നതിന് മുൻപ് പൊതു ശ്മശാനത്തിലേയ്ക്കുള്ള റോഡ് നിർമ്മിക്കണമെന്ന് കുട്ടനാട് സൗത്ത് യൂണിയൻ യൂത്ത് മൂവ്മെന്റ് ചെയർമാൻ ഉണ്ണിക്കുട്ടൻ ഹരിദാസ് കൺവീനർ വികാസ് വിദേവൻ എന്നിവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.