റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ്: റണ്ണിംഗ് കോണ്‍ട്രാക്ട് നൽകിയ റോഡുകളിൽ പരിശോധന തുടങ്ങി

news image
Sep 20, 2022, 8:26 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ റോഡുകളിൽ പൊതുമരാമത്ത് വകുപ്പിന്‍റെ പരിശോധന. റണ്ണിംഗ് കോൺട്രാക്ട് പ്രകാരമുള്ള റോ‍ഡുകളിൽ തിരുവനന്തപുരം,എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് പരിശോധന നടത്തിയത്. റോഡിന്‍റെ ഒരുവര്‍ഷത്തെ പരിപാലനം കരാറുകാരൻ ഉറപ്പാക്കുന്ന രീതിയാണ് റണ്ണിംഗ് കോൺട്രാക്ട്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലും പരിശോധന നടത്തും. ഈ മാസം 30ന് പരിശോധനകൾ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. നാല് ഐഎഎസ്സുകാരും 8 ചീഫ് എഞ്ജിനിയര്‍മാരും ഉൾപ്പെടുന്ന സംഘമാണ് പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.

 

റോഡുകളുടെ മോശാവസ്ഥയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പൊതുമരാമത്ത് റോഡിലെ കുഴികൾ അടയ്ക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിച്ചു വരുത്താൻ തുടങ്ങിയാൽ ഹൈക്കോടതിയിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസ് തുറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ആലുവ – പെരുമ്പാവൂര്‍ റോഡിലെ കുഴികൾ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

സംസ്ഥാനത്തെ റോഡുകൾ മോശമാകുന്നതില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടോയെന്ന് കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ ചോദിച്ചു.   എഞ്ചിനീയര്‍മാര്‍ അവരുടെ ജോലി ചെയ്യുന്നുണ്ടോയെന്നും റോഡുകളിലെ സ്ഥിതി ദയനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. റോഡുകളിൽ കുഴികൾ രൂപപ്പെടുമ്പോൾ മുതൽ നടപടികൾ സ്വീകരിക്കണമെന്ന് പറഞ്ഞ കോടതി, മോശം റോഡുകൾ കാരണം ആയിരക്കണക്കിന് ആൾക്കാരാണ് ദുരിതം അനുഭവിക്കുന്നതെന്നും റോഡിൽ ഒരാൾ മരിച്ചാൽ ജനം രോഷം പ്രകടിപ്പിക്കുമെന്നും ജനം പ്രശ്നം ഉണ്ടാക്കിയപ്പോൾ ആണ് ഈ വിഷയം കോടതിയുടെ ശ്രദ്ധയിലേക്ക് വന്നതെന്നും പറഞ്ഞു.

അതേസമയം ആലുവ- പെരുമ്പാവൂർ റോഡ് തകർന്ന സംഭവത്തിൽ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള എഞ്ചിനീയർ ഹൈക്കോടതിയിൽ ഇന്നലെ നേരിട്ട് ഹാജരായി. റോഡിൽ കുഴിയുണ്ടായപ്പോൾ മുന്നറിയിപ്പ്  ബോർഡ്‌ വച്ചിരുന്നോ എന്ന് കോടതി ഉദ്യോഗസ്ഥരോട് ചോദിച്ചു. ബോർഡ്‌ വെച്ചില്ലെന്ന് എൻജിനീയർ ഹൈക്കോടതിയെ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe