ലക്ഷങ്ങൾ കണ്ട് കണ്ണുമഞ്ഞളിച്ചില്ല; രമേശന്റെ സത്യസന്ധതയിൽ സുരേഷ് കോടിപതി

news image
Sep 27, 2022, 11:52 am GMT+0000 payyolionline.in

കൊച്ചി: ഒറ്റ രാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റിമറിക്കാൻ കേരള ലോട്ടറിക്ക് സാധിച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ തവണ ഭാ​ഗ്യം കൈവന്നവരും അപ്രതീക്ഷിതമായി ഭാ​ഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. കച്ചവടക്കാരുടെ സത്യസന്ധതയിൽ കോടിപതികളും ലക്ഷപ്രഭുക്കളും ആയവരും കുറവല്ല.  അത്തരത്തിൽ രമേശിന്റെ സത്യസന്ധതയിൽ കോടിപതി ആയിരിക്കുകയാണ് സുരേഷ്.

എല്ലാ ആഴ്ചയിലും ലോട്ടറി ടിക്കറ്റെടുക്കാറുള്ള ആളാണ് സുരേഷ്. പതിവ് പോലെ കൂത്താട്ടുകുളത്തെ ശിവശക്തി ലോട്ടറി വില്പന കേന്ദ്രത്തിൽ വിളിച്ച്, ഒരു ടിക്കറ്റ് മാറ്റിവയ്ക്കാൻ ആവശ്യപ്പട്ടു. പതിവായി ടിക്കറ്റെടുക്കുന്നതിനാൽ
ലോട്ടറി ജീവനക്കാരനായ രമേശ്  ടിക്കറ്റ് മാറ്റിവയ്ക്കുകയും ചെയ്തു. ഒടുവിൽ ഞായറാഴ്ച ഫലം വന്നപ്പോൾ ഈ മാറ്റിവച്ച ടിക്കറ്റിനാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒരു കോടി സമ്മാനമായി ലഭിച്ചത്.

ഇതേ നമ്പറിലുള്ള വ്യത്യസ്ത സീരീസ് ടിക്കറ്റുകൾ കയ്യിലുണ്ടായിട്ടും സമ്മാനം അടിച്ച ടിക്കറ്റ് തന്നെ രമേശ് സുരേഷിന് കൈമാറുക ആയിരുന്നു. രമേശ് തന്നെയാണ് ലോട്ടറി അടിച്ച വിവരം വർക്ക് ഷോപ്പ് ജീവനക്കാരനായ സുരേഷിനെ വിളിച്ചറിയിച്ചത്. പിന്നാലെ സുരേഷിന്റെ കടയിൽ എത്തി ടിക്കറ്റ് കൈമാറുകയും ചെയ്തു.

രമേശിന്റെ സത്യസന്ധതയിൽ സുരേഷിന്റെ സ്വന്തം വീടെന്ന സ്വപ്നമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കനറാ ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയില്‍ ഏല്‍പ്പിച്ചു. അതേസമം, ഒന്നാം സമ്മാനം ലഭിച്ചുവെങ്കിലും മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്താന്‍ സുരേഷ് തയ്യാറായിട്ടില്ല.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.  ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe