ലക്ഷ്യം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കല്‍; കോടിയേരിക്ക് പ്രത്യേക അജണ്ട :  മുരളീധരന്‍

news image
Jan 19, 2022, 12:00 pm IST payyolionline.in

കോഴിക്കോട്: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശത്തിന് പിന്നില്‍ പ്രത്യേക അജണ്ടയെന്ന് കോണ്‍ഗ്രസ് എം.പി. കെ. മുരളീധരന്‍. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് കോടിയേരിയുടെ പരാമര്‍ശത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

 

 

‘ഞങ്ങള്‍ റിയാസിനെ ഒരിക്കലും വ്യക്തിപരമായി വിമര്‍ശിക്കുന്നില്ലല്ലോ. ഞങ്ങള്‍ ആരെങ്കിലും റിയാസിനാണ് അധികാരമെന്ന് പറഞ്ഞിട്ടുണ്ടോ? അദ്ദേഹം ആവട്ടെ. നമുക്ക് അതില്‍ സന്തോഷമേ ഉള്ളൂ. അദ്ദേഹം ചെറുപ്പക്കാരനല്ലേ. അദ്ദേഹം ആകുന്നെങ്കില്‍ ആയിക്കോട്ടെ. പക്ഷെ അതില്‍ വര്‍ഗീയത പറയുന്നത് എന്തിനാണ് ? പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാലും ചരട് കയ്യിലിരിക്കേണ്ടേ. ഞാന്‍ കൂടുതല്‍ പറയുന്നില്ല’ – മുരളീധരന്‍ പറഞ്ഞു. മുഹമ്മദ് റിയാസിനെ എന്തിന് ലക്ഷ്യംവെക്കുന്നു എന്ന ചോദ്യത്തിന് അത് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നായിരുന്നു മുരളീധരന്റെ മറുപടി.

 

 

പിണറായി വിജയന് വേണ്ടിയാണ് കോടിയേരി ഈ രീതിയില്‍ സംസാരിക്കുന്നത്. നരേന്ദ്ര മോദിക്കു വേണ്ടി അമിത് ഷാ എങ്ങനെയാണോ സംസാരിക്കുന്നത് അതുപോലെയാണ് കേരളത്തില്‍ പിണറായി വിജയന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കി കോടിയേരി ഇത്തരത്തില്‍ സംസാരിക്കുന്നത്. ഇത് മുഹമ്മദ് റിയാസിനു വേണ്ടിയാണ്. മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാലും ആ ചരട് കയ്യിലിരിക്കണം. ഇതിനുവേണ്ടി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്, ന്യൂനപക്ഷ സമുദായാംഗത്തെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കോടിയേരി ഇത്തരം പരാമര്‍ശം നടത്തുന്നത്. ഇത് കോണ്‍ഗ്രസിന്റെ ചിലവില്‍ വേണ്ട. കോണ്‍ഗ്രസ് ഒരു മതേതരപാര്‍ട്ടി അല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍ അടക്കം മറ്റൊരു സംസ്ഥാനത്തും സഖ്യമുണ്ടാകില്ലെന്ന് പറയാനുള്ള ആര്‍ജവം കോടിയേരി കാണിക്കണം.

 

ബി.ജെ.പിയുമായി കോണ്‍ഗ്രസിന് ഒരു കാലത്തും ബന്ധമുണ്ടായിട്ടില്ല. ബി.ജെ.പിയുടെ അക്കൗണ്ട് ഇല്ലാതാക്കാനാണ് താന്‍ തന്നെ റിസ്‌ക് എടുത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് ആക്കിയത് സാമുദായിക പരിഗണനയുണ്ട്. ആ പരിഗണന വെച്ചുകൊണ്ടാണ് താന്‍ കെപിസിസി പ്രസിഡന്റ് ആകുന്നതില്‍നിന്ന് മാറിനിന്നതും. എല്ലാകാലത്തും കോണ്‍ഗ്രസ് സാമുദായിക പരിഗണന കോണ്‍ഗ്രസ് നോക്കാറുണ്ട്. ഇതും കഴിവും കൂടി പരിഗണിച്ചുകൊണ്ടാണ് ഇത്തവണ വി.ഡി. സതീശനെയും കെ. സുധാകരനെയും നേതൃത്വത്തിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുല്‍ ഗാന്ധിയുടെ നയമാണോ എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം. ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയുടേത് ഏറ്റവും വലിയ വര്‍ഗീയ പരാമര്‍ശമാണ്. കോണ്‍ഗ്രസിന് മതേതര മുഖം നഷ്ടമായെന്ന് പറഞ്ഞ കോടിയേരി ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ തഴഞ്ഞുവെന്നും  ആരോപിച്ചിരുന്നു.

 

 

കോണ്‍ഗ്രസ് നേതാക്കളായി ആര് വരണം എന്നുള്ളത് കോണ്‍ഗ്രസുകാര്‍ തീരുമാനിക്കേണ്ടതാണ്. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസിന് എല്ലാക്കാലത്തും ഒരു മതേതരത്വ സ്വഭാവം ഉണ്ടെന്ന് സ്ഥാപിക്കാന്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ഒരു നേതൃനിരയായിരുന്നു ഉണ്ടായിരുന്നത്. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.എല്‍. ജേക്കബിനെ കെ.പി.സി.സി. പ്രസിഡന്റാക്കി. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ.മുരളീധരനെ കെ.പി.സി.സി. പ്രസിഡന്റാക്കി. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോല്‍ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ.പി.സി.സി. പ്രസിഡന്റ് എന്നും കോടിയേരി പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe