കൊച്ചി: രാജ്യത്ത് ലാപ്ടോപ്, കംപ്യൂട്ടർ, ടാബ്-ലെറ്റ് തുടങ്ങിയവയുടെ ഇറക്കുമതിക്ക് നവംബർ ഒന്നുമുതൽ കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി (ഓതറൈസേഷൻ) നേടണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫോടെക് മന്ത്രാലയം സെക്രട്ടറി എസ് കൃഷ്ണൻ മാധ്യമപ്രവർത്തരോട് പറഞ്ഞു. വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ (ഡിജിഎഫ്ടി)യിൽനിന്നാണ് ഇറക്കുമതിക്ക് അനുമതി നേടേണ്ടത്. നിലവിലെ രീതി 31 വരെമാത്രമേ തുടരൂ.
ഇറക്കുമതിക്ക് സർക്കാരിന്റെ പ്രത്യേക ലൈസൻസ് നിർബന്ധമാക്കി 2023 ആഗസ്ത് മൂന്നിന് ഡിജിഎഫ്ടി ഉത്തരവിറക്കിയിരുന്നു. സ്വതന്ത്രമായി ഇറക്കുമതി ചെയ്യാവുന്നവയുടെ പട്ടികയിൽനിന്ന് ഈ ഉപകരണങ്ങളെ “നിയന്ത്രണമുള്ള’വയുടെ പട്ടികയിലേക്ക് മാറ്റുകയാണ് ചെയ്തത്. ആഗോളതലത്തിൽ എതിർപ്പുയർന്നതോടെ 31 വരെ ഉത്തരവ് മരവിപ്പിച്ചു. ഈ കാലാവധി തീരാറായതോടെയാണ് “ലൈസൻസ് നിയന്ത്രണം’ പേരുമാറ്റി “ഓതറൈസേഷൻ നിയന്ത്രണ’മാക്കിയത്.
നിലവിൽ ആരുടെയും ഇറക്കുമതി ആവശ്യം നിരസിക്കാൻ ഉദ്ദേശ്യമില്ലെങ്കിലും 2024 സെപ്തംബർ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ഓതറൈസേഷൻ നേടിമാത്രമേ ഇറക്കുമതി ചെയ്യാനാകൂ എന്നാണ് മന്ത്രാലയം പറയുന്നത്. ഇറക്കുമതി ചെയ്യുന്ന ലാപ്ടോപ്പുകളുടെയും കംപ്യൂട്ടറുകളുടെയും എണ്ണവും ആകെ മൂല്യവുമാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഏതെല്ലാം കമ്പനികളുടെ ഉൽപ്പന്നങ്ങൾ, എവിടെനിന്നെല്ലാം, എത്രവീതം, എപ്പോഴെല്ലാം, ആരെല്ലാം ഇറക്കുമതി ചെയ്യുന്നു തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുകയാണ് “നിയന്ത്രണ’ രജിസ്ട്രേഷനിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2024 സെപ്തംബറിനുശേഷം അടുത്ത നിയന്ത്രണനടപടി സ്വീകരിക്കുമെന്നാണ് സൂചന.
2022-–-23ൽ ഇന്ത്യ 870 കോടി രൂപയുടെ കംപ്യൂട്ടർ, ലാപ്ടോപ് ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 50 ശതമാനത്തിലധികം ചൈനയിൽനിന്നായിരുന്നു. ആഭ്യന്തരോൽപ്പാദനം പ്രോത്സാഹിപ്പിക്കാനാണ് നിയന്ത്രണമെന്ന് പറയുന്നുണ്ടെങ്കിലും ചൈനയിൽനിന്നുള്ള ഇറക്കുമതി തടയുകയെന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്.