ദില്ലി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 41 ശതമാനം ഉയർന്നു. 2022 മാർച്ചിൽ അവസാനിച്ച ത്രൈമാസ കണക്കിൽ എസ്ബിഐയുടെ ലാഭം 41 ശതമാനം ഉയർന്ന് 9,113.5 കോടി രൂപയായി. അതേസമയം എസ്ബിഐയുടെ മൊത്ത നിഷ്ക്രിയ ആസ്തി 2022ലെ മൂന്നാം പാദത്തിലെ 1.2 ട്രില്യണിൽ നിന്ന് 1.12 ട്രില്യൺ രൂപയായി.
അറ്റ പലിശ വരുമാനം 31,198 കോടി രൂപയിൽ നിന്നും 15.3 ശതമാനം ഉയർന്ന പശ്ചാത്തലത്തിലാണ് അറ്റാദായ വളർച്ച. എങ്കിൽപ്പോലും 31,570 കോടി രൂപയെന്ന നിരീക്ഷകരുടെ അനുമാനത്തേക്കാൾ കുറവായിരുന്നു വളർച്ച. എന്നാൽ എസ്ബിഐയുടെ അറ്റ നിഷ്ക്രിയ ആസ്തി മുൻ പാദത്തിലെ 34,540 കോടിയിൽ നിന്നും 27,966 കോടി രൂപയായി കുറഞ്ഞു. എസ്ബിഐയുടെ ലോൺ ബുക്ക് 2022 മാസം 31 അവസാനത്തോടെ 28.18 ട്രില്യൺ രൂപയായി.