ലുലു ഗ്രൂപ് മലേഷ്യയില്‍ അഞ്ച് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുന്നു

news image
Nov 27, 2013, 6:00 am IST payyolionline.in

അബൂദബി: ലുലു ഗ്രൂപ് മലേഷ്യയില്‍ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. 1400 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ഇതുവഴി 6000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
2014 അവസാനത്തോടെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസുഫലി അറിയിച്ചു. മലേഷ്യന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ക്വാലാലംപുരില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മലേഷ്യന്‍ ഉപപ്രധാനമന്ത്രി മുഹ്യുദ്ദീന്‍ ബിന്‍ യാസീന്‍െറ സാന്നിധ്യത്തിലാണ് സര്‍ക്കാര്‍ വാണിജ്യ മന്ത്രാലയ പ്രതിനിധികളും ലുലു മാനേജ്മെന്‍റും ചര്‍ച്ച നടത്തിയത്. തലസ്ഥാനമായ ക്വാലാലംപുരില്‍ മൂന്നും മറ്റ് സംസ്ഥാനങ്ങളായ കെലന്ദനിലും ജോഹറിലും ഒന്ന് വീതവും ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് തുടങ്ങുന്നത്.
വ്യവസായ വാണിജ്യ കാര്യങ്ങള്‍ക്കുള്ള മലേഷ്യന്‍ സര്‍ക്കാര്‍ സ്ഥാപനമായ ഫെഡറല്‍ ലാന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി (ഫെല്‍ഡ) യുമായി ചേര്‍ന്നാണ് ലുലു ഗ്രൂപ് സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്. 2014 ജനുവരിയില്‍ ഫെല്‍ഡയുമായി ധാരണാപത്രം ഒപ്പിടുമെന്ന് എം.എ. യൂസുഫലി പറഞ്ഞു.
നിരവധി മലയാളികള്‍ക്കും ഈ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യയിലെ റീട്ടെയില്‍ മേഖലയില്‍ ലുലു ഗ്രൂപ്പിന്‍െറ സാന്നിധ്യം സ്വാഗതം ചെയ്യുന്നതായി ഉപപ്രധാനമന്ത്രി മുഹ്യുദ്ദീന്‍ ബിന്‍ യാസീന്‍ പറഞ്ഞു. റീട്ടെയില്‍ രംഗത്തെ കുതിച്ചുചാട്ടത്തിന് ലുലുവിന്‍െറ കടന്നുവരവ് ഗുണം ചെയ്യും. സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് എല്ലാവിധ സഹകരണങ്ങളും ലുലു ഗ്രൂപ്പിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ. സലീം, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ വി.ഐ. സലീം, ഫാര്‍ ഈസ്റ്റ് ഓപറേഷന്‍സ് ഡയറക്ടര്‍ രാജ്മോഹന്‍ നായര്‍ എന്നിവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe